ഷോക്കേറ്റു മരിച്ച ദമ്പതികള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ചീനിക്കുഴി: ഗ്രാമം ഒന്നാകെ തേങ്ങി നിന്ന നിമിഷത്തില്‍ ബാബുവിനും ലൂസിക്കും ഒരേ കല്ലറയില്‍ അന്ത്യവിശ്രമം. ഞായറാഴ്ച്ച പുലര്‍ച്ചെ വീടിനു സമീപം പൊട്ടി വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു മരിച്ച ചീനിക്കുഴി കല്ലറയ്ക്കല്‍ ബാബു ജോസഫിനും ഭാര്യ ലൂസിക്കും നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി.
ഇന്നലെ വീട്ടില്‍ നടന്ന സംസ്കാര ശുശ്രൂഷയിലും ചീനിക്കുഴി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്കാര ചടങ്ങിലും ബിഷപ്പുമാരും വെദികരും കന്യാസ്ത്രീകളും ഉള്‍പ്പെടെ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു.
ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ വീട്ടിന് നടന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് വികാരി ജനറാള്‍ മോണ്‍ ചെറിയാന് കാഞ്ഞിരക്കൊമ്പില്‍, ബാബു- ലൂസി ദമ്പതികളുടെ മകനായ ഫാ. ടോജിന്‍ കല്ലറയ്ക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. മൂവാറ്റുപുഴ ഹോളി മാഗി ഫെറോന പള്ളി വികാരി ഫാ. പോള്‍ നെടുമ്പുറം അനുശോചന സന്ദേശം നല്കി.
പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്കും അന്ത്യ കര്‍മങ്ങള്‍ക്കും കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. കോതമംഗലം രൂപതാ വികാരി ജനറാള്‍ മോണ്‍ ജോര്‍ജ് ഓലിയപ്പുറം, ഫാ തോമസ് കണ്ണംകുളം, ഫാ. ജേക്കബ് വട്ടപ്പിള്ളില്‍, ഫാ. മാത്യു കൊച്ചുപുര എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. ചടങ്ങുകളില്‍ കോതമംഗലം രൂപതയിലെയും ചങ്ങനാശേരി അതിരൂപതയിലെയും വൈദികരും പങ്കെടുത്തു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം രൂപത ചാന്‍സലര്‍ ഫാ. ജോസ് പുല്ലോപ്പള്ളില്‍ വായിച്ചു. രൂപത പ്രോക്യുറേറ്റര്‍ ഫാ. ജോണ്‍ മുണ്ടയ്ക്കല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."