മാലമോഷ്ടാക്കളുണ്ട്, സൂക്ഷിക്കുക
തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരങ്ങളിലും ബസ് യാത്രികരെ കേന്ദ്രീകരിച്ച് മാല മോഷണം പതിവാകുന്നു. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ട് പവനോളം സ്വര്‍ണമാണ് ഇത്തരത്തില്‍ നഷ്ടമായത്. തളിപ്പറമ്പില്‍നിന്ന് മുള്ളൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരി സി. കൗസല്യയുടെ രണ്ടേകാല്‍ പവന്‍ മാലയാണ് ഇന്നലെ ഒരുമണിയോടെ മോഷണം പോയത്. തളിപ്പറമ്പ് സ്റ്റാന്‍ഡില്‍നിന്ന് ബസ് പുറപ്പെട്ട് ലൂര്‍ദ് ആശുപത്രിക്ക് സമീപമെത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട കാര്യം കൗസല്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. ജീവനക്കാര്‍ ഉടന്‍ തന്നെ ബസ് തളിപ്പറമ്പ് പൊലിസ് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടര്‍ന്ന് യാത്രക്കാരെ പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല.
പറശ്ശിനിക്കടവില്‍ ദര്‍ശനത്തിനെത്തിയ സാവിത്രിയുടെ നാലരപ്പവന്‍ മാല തിങ്കളാഴ്ച മോഷണം പോയിരുന്നു. തിങ്കളാഴ്ച വൈകിട്ട് തളിപ്പറമ്പ് സ്റ്റാന്‍ഡില്‍നിന്ന് ബസ്് കയറുന്നതിനിടെ കുറ്റിയേരിയിലെ മനിയേരി വീട്ടില്‍ നളിനിയുടെ അഞ്ചു പവന്‍ മാലയും നഷ്ടപ്പെട്ടിരുന്നു. ഞായറാഴ്ച മറ്റൊരു യുവതിയുടെ ഒന്നരപവന്റെ മാലയും തളിപ്പറമ്പില്‍വച്ച് നഷ്ടമായിരുന്നു.
യാത്രക്കാര്‍ ബസില്‍ കയറുന്നതിനിടെ കൃത്രിമമായി തിരക്ക് ഉണ്ടാക്കിയാണ് മോഷണം നടത്തുന്നതെന്നാണ് സംശയിക്കുന്നത്. പൊലിസ് അന്വേഷണം നടത്തിവരികയാണ്.
യാത്രക്കിടയില്‍ നടക്കുന്ന മോഷണത്തിനെതിരേ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ അപ്പോള്‍ തന്നെ അറിയിക്കണമെന്നും പൊലിസ് അറിയിച്ചു. സംഭവങ്ങളെ തുടര്‍ന്ന് ബസ് സ്റ്റാന്‍ഡിലും പരിസത്തും പൊലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."