എം പാനല്‍ ജീവനക്കാരുടെ പിരിച്ചുവിടല്‍; ജില്ലയില്‍ 151 പേര്‍ പുറത്ത്
കണ്ണൂര്‍: എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതോടെ ജില്ലയിലെ ഡിപ്പോയിലെ ബസ് സര്‍വിസ് അവതാളത്തില്‍. കണ്ണൂര്‍ ഡിപ്പോയില്‍ ഇന്നലെ പത്തു സര്‍വിസുകള്‍ മുടങ്ങി. കുടിയാന്മല, കാഞ്ഞിരക്കൊല്ലി, ആലക്കോട്, പേരാവൂര്‍ തുടങ്ങിയ മലയോര ഗ്രാമങ്ങളിലേക്കുള്ള സര്‍വിസുകള്‍ മുടങ്ങിയത് യാത്രക്കാരെ വലച്ചു. നിലവില്‍ ആവശ്യത്തിനു സ്‌പെയര്‍പാര്‍ട്‌സുകളും ജീവനക്കാരുമില്ലാത്തതിനാല്‍ പല സര്‍വിസുകളും മുടങ്ങുന്നുണ്ട്. സാധാരണ ദിവസങ്ങളില്‍ അഞ്ചോളം സര്‍വിസുകള്‍ ഇത്തരം കാരണങ്ങളാല്‍ മുടങ്ങാറുണ്ട്. പിരിച്ചുവിടല്‍ കൂടിയായതോടെ വരും ദിവസങ്ങളില്‍ ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കേണ്ടി വരുന്ന അവസ്ഥയാണ്. ജീവനക്കാര്‍ക്കുള്ള രേഖാമൂലമുള്ള നോട്ടിസ് കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പല ജീവനക്കാര്‍ക്കും നോട്ടിസ് കിട്ടിയിട്ടില്ല. തിങ്കളാഴ്ച 21 ഷെഡ്യൂളുകളാണ് മുടങ്ങിയത്. പ്രതിസന്ധിയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ കൃത്യമായ കണക്കല്ല പുറത്തു വിടുന്നതെന്നു പിരിച്ചു വിട്ട ജീവനക്കാര്‍ ആരോപിച്ചു. ഉത്തരവ് നടപ്പാക്കുന്നതോടെ ജില്ലയിലെ മൂന്നു ഡിപ്പോകളിലായി 151 കണ്ടക്ടര്‍മാരാണ് പുറത്താകുന്നത്. കണ്ണൂര്‍ (56), പയ്യന്നൂര്‍ (52), തലശ്ശേരി (43) എന്നിങ്ങനെയാണ് കണക്ക്. പയ്യന്നൂരിലെ ചില കണ്ടക്ടര്‍മാര്‍ കാഞ്ഞങ്ങാട് ഡിപ്പോയില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റിലായിരുന്നു. ഇവരെ പിരിച്ചുവിടുന്നതോടെ കാഞ്ഞങ്ങാട് ഡിപ്പോയുടെ പ്രവര്‍ത്തനവും താളം തെറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."