വിദ്യാര്‍ഥികളുടെ വേര്‍പാട് താങ്ങാനാകാതെ കല്ലടി കോളജ്
മണ്ണാര്‍ക്കാട്: സഹപാഠികളായ വിദ്യാര്‍ഥികളുടെ വേര്‍പ്പാട് താങ്ങാനാവാതെ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് കണ്ണീരണിഞ്ഞു. കോളജിലേക്കുള്ള വരുന്ന വഴിയിലാണ് അപകടം നടന്നത്. ഇരിങ്ങാട്ടിരി പോസ്റ്റ്മാന് ശ്രീധരന് - സിന്ധു ദമ്പതികളുടെ മകനാണ് മണികണ്ഠ ശ്രീലാലും (19), എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ കരീമിന്റെയും, കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ അധ്യാപിക ആസ്യയുടെയും മകനുമായ ജസീം മുഹമ്മദു (19)മാണ് ബസ് ബൈക്കിലിടിച്ച് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കോളജിലെത്തിയത് അപകട വാര്‍ത്തയായിരുന്നു. അപകട വിവരം അറിഞ്ഞ് അധ്യാപകരും വിദ്യാര്‍ഥികളും അപകട സ്ഥലത്തേക്കും, അപകടത്തില്‍പ്പെട്ടവരെ പ്രവേശിപ്പിച്ച വട്ടമ്പലം സ്വകാര്യ ആശുപത്രിയിലേക്കും ഓടിയെത്തുമ്പോഴേക്കും പ്രിയ കൂട്ടുകാരന് ശ്രീലാല്‍ തങ്ങളെ വിട്ടുപോയെന്ന വിവരമാണ് അറിഞ്ഞത്.
അതോടൊപ്പം സാരമായി പരുക്കേറ്റ ജസീമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
പ്രാര്‍ഥനയോടെ സഹപാഠികള്‍ കാത്തിരുന്നുവെങ്കിലും മൂന്നുമണിയോടെ ജസീമും മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇവരെ തേടിയെത്തിയത്.
ശ്രീലാല്‍ ബൈക്കുമായി കരുവാരകുണ്ടില്‍ നിന്ന് കോളജിലേക്കു വരുന്ന വഴി എടത്തനാട്ടുകരയില്‍ നിന്ന് ജസീമിനെയും കൂട്ടുകയായിരുന്നു. ഇരുവരുടെയും ഒന്നിച്ചുള്ള യാത്ര മരണത്തിലും ഒന്നായതോടെ കലാലയത്തിനൊപ്പം ഇരുവരുടെയും നാട്ടുകാരെയും ഒരുപോലെ നൊമ്പരത്തിലാക്കി. അപകടത്തില്‍പ്പെട്ട ഇരുവരേയും തൊട്ടുപിറകിലെത്തിയ സഹപാഠികളാണ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അപകടവിവരം അറിഞ്ഞയുടന്‍ എം.ഇ.എസ് കല്ലടി കോളജിന് അവധി നല്‍കുകയും, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശ്രീലാലിന്റെ മൃതദേഹം വൈകുന്നേരം 3.15ഓടെ കോളജില്‍ പൊതുദര്‍ശനത്തിന് വെക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ കൂടാതെ വന്‍ജനാവലിയാണ് കോളജിലെത്തിയത്.
ശ്രീലാലിന്റെ മൃതദേഹം ഇന്നലെ വൈകുന്നേരം 6.15ഓടെ ഇരിങ്ങാട്ടിരി വീട്ടിക്കാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജസീമിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനുശേഷം ചിരട്ടക്കുളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."