ജിദ്ദ വിമാനത്താവളം വഴി ഇന്ത്യന്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി
മക്ക: ഹജ്ജ് സര്‍വിസ് മുഖേനയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ ജിദ്ദ വിമാനത്താവളം വഴിയുള്ള വരവ് തുടങ്ങി. നിലവില്‍ ഇതുവരെ മദീന വിമാനത്താവളം വഴി മാത്രമായിരുന്നു ഇന്ത്യന്‍ തീര്‍ഥാടകര്‍ പുണ്യ ഭൂമിയിലേക്ക് എത്തിച്ചേര്‍ന്നിരുന്നത്.
ജിദ്ദ വിമാനത്താവളം വഴിയും തീര്‍ഥാടകര്‍ എത്താന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ ഹജ്ജ് മിഷനും സന്നദ്ധ സേവക സംഘങ്ങളും രാപ്പകലെന്നില്ലാതെ സേവനനിരതരായിരിക്കുകയാണ്. ഇന്നലെ രാവിലെ ബംഗളൂരുവില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണ് 340 തീര്‍ഥാടകരുമായി ആദ്യമെത്തിയത്. ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഊഷ്മളമായി സ്വീകരിച്ചു.
ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഹജ്ജ് മിഷന്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹജ്ജ് ടെര്‍മിനലിലെ ഹജ്ജ് മിഷന്‍ ഓഫിസില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടയുള്ള മെഡിക്കല്‍ സംഘങ്ങള്‍, സഹായത്തിനായി സന്നദ്ധസംഘടനകളുടെ വളണ്ടണ്ടിയര്‍മാരുടെ സേവനങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.
ഇന്ത്യയില്‍നിന്ന് മദീന വഴിയുള്ള വിമാനയാത്ര ഇന്നലെ രാവിലെയോടെ അവസാനിച്ചു. ഇതുവരെ മദീനയില്‍ അറുപതിനായിരം തീര്‍ഥാടകരാണ് എത്തിയത്. ഇവിടെയെത്തിയവരില്‍ മുപ്പതിനായിരത്തിലധികം പേരും മദീന സന്ദര്‍ശനം കഴിഞ്ഞു മക്കയിലെത്തിച്ചേര്‍ന്നിട്ടുണ്ട്. ബാക്കിയുള്ളവര്‍ എട്ടു ദിവസം മദീനയില്‍ തങ്ങി മക്കയിലേക്ക് യാത്ര തിരിക്കും. മദീന, ജിദ്ദ വിമാനത്താവളങ്ങള്‍ വഴി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് തുടരുകയാണ്. കപ്പല്‍ മാര്‍ഗമുള്ള തീര്‍ഥാടകരുടെ വരവും ഇന്നലെ മുതല്‍ തുടങ്ങി. ഈ വര്‍ഷം സുദാനില്‍ നിന്ന് മാത്രമാണ് തീര്‍ഥാടകര്‍ കപ്പല്‍ വഴി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."