പൊന്നാനിയില്‍ ഇനി സാംസ്‌കാരിക ആഘോഷങ്ങളുടെ മൂന്ന് രാവുകള്‍
പൊന്നാനി: പൊന്നാനിയുടെ സാംസ്‌കാരിക പെരുമയ്ക്ക് മാറ്റ് കൂട്ടാന്‍ നഗരസഭയുടെ സാംസ്‌കാരിക മഹോത്സവം ഒരുങ്ങുന്നു. ഡിസംബര്‍ 28,29,30 തിയതികളില്‍ പൊന്നാനി ഏ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ് പൊന്നാനി മഹോത്സവം സംഘടിപ്പിക്കുന്നത്. പൊന്നാനി നഗരസഭ വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് ഇത്തവണ മഹോത്സവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഴു ദിവസങ്ങളിലായി വിപുലമായി സംഘടിപ്പിച്ച മഹോത്സവം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസമായാണ് ആഘോഷിക്കുന്നത്. ഉദ്ഘാടന ദിവസമായ 28ന് വൈകീട്ട് സാംസ്‌കാരിക മഹോത്സവം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് കേരള ഫോക്‌ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരണവും ചവിട്ടു നാടകവും അരങ്ങേറും. രണ്ടാം ദിവസമായ 29 ന് ഇടശ്ശേരി സ്മാരക അവാര്‍ഡ് വിതരണമുണ്ടാകും. തുടര്‍ന്ന് പ്രളയാനന്തര കേരളത്തിന്റെ പുനരധിവാസ സന്ദേശവുമായി ഊരാളി ബാന്റ് അവതരിപ്പിക്കുന്ന സംഗീത നിശ അരങ്ങേറും. സമാപന ദിവസമായ 30 ന് വൈകുന്നേരം സാംസ്‌കാരിക നായകന്മാരെ പങ്കെടുപ്പിച്ച് സാംസ്‌കാരിക സദസ് സംഘടിപ്പിക്കും. തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് ഭാരത് ദര്‍ശന്‍ എന്ന പേരില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കലാകാരന്മാര്‍ പങ്കെടുക്കുന്ന കലാ പരിപാടികളും സംഘടിപ്പിക്കും.
സാംസ്‌ക്കാരിക മഹോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി. മുഹമ്മദ് ബഷീര്‍ പരിപാടികളെ കുറിച്ച് വിവരിച്ചു. കൗണ്‍സിലര്‍ സേതുമാധവന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് നഗരസഭ സൂപ്രണ്ട് പ്രകാശ് കുമാര്‍ സ്വാഗതം പറഞ്ഞു. പൊന്നാനി ഏ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണയോഗം 101 അംഗങ്ങളെ തെരഞ്ഞെടുത്തു. സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരികളായി നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പൊന്നാനി എം.പി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരെ തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയര്‍മാനായി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞിയേയും കണ്‍വീനറായി നഗരസഭ സെക്രട്ടറി എസ്.എ വിനോദ് കുമാറിനേയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."