ഡ്രെയിനേജ് നിര്‍മിക്കാതെ ടാറിങ്; റോഡ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു
നിലമ്പൂര്‍: ഡ്രെയിനേജ് നിര്‍മിക്കാതെയുള്ള റോഡ് ടാറിങ് പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. നിലമ്പൂര്‍ നഗരസഭയിലെ വീട്ടിക്കുത്ത് റോഡിലെ ടാറിങ് പ്രവൃത്തിയാണ് ഇന്നലെ രാവിലെ പത്തോടെ നാട്ടുകാര്‍ തടഞ്ഞത്. കരാറുകാരനെയും തടഞ്ഞു.
എസ്റ്റിമേറ്റ് പ്രകാരം അഞ്ചര മീറ്റര്‍ വീതിയില്‍ 330 മീറ്റര്‍ ദൂരം ടാറിങ് പ്രവൃത്തിയും റോഡിന്റെ ഇരുവശങ്ങളിലുമായി 200 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജും നിര്‍മിക്കണം. എം.എല്‍.എ ഫണ്ടില്‍നിന്നു 35 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഡ്രെയിനേജ് പ്രവൃത്തി തുടങ്ങുംമുന്‍പു ടാറിങ് നടത്തേണ്ടതില്ലെന്നു പറഞ്ഞാണ് നാട്ടുകാര്‍ കൂട്ടമായെത്തി പ്രവൃത്തി തടഞ്ഞത്. ടാറിങ്ങിനായി കൊണ്ടുവന്ന വാഹനങ്ങളും തടഞ്ഞിട്ടു. സ്ഥലത്തെത്തിയ പൊതുമരാമത്ത് ഓവര്‍സിയറോട് ഡ്രെയിനേജ് നിര്‍മിക്കാതെ ടാറിങ് നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ചതോടെ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ കരാറുകാരനു നിര്‍ദേശം നല്‍കുകയായിരുന്നു.
കൗണ്‍സിലര്‍മാരായ ചാലില്‍ ഉണ്ണിക്കൃഷ്ണന്, സിന്ധു ആര്. നായര്‍, പി.എം ബഷീര്‍, എന്‍. വേലുക്കുട്ടി, പി. ഗോപാലകൃഷ്ണര്, മുസ്തഫ കളത്തുംപടിക്കല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹരിദാസന്, ശശികുമാര്‍, എം. മുജീബ് റഹ്മാന്, മൂര്‍ഖന്‍ മാനു, ഷാജഹാന് പായമ്പാടം എന്നിവരുടെ നേതൃത്വത്തിലാണ് ഓവര്‍സിയറുമായി ചര്‍ച്ച നടത്തിയത്. ടാറിങ് പൂര്‍ത്തികരിച്ച് ഉടന്‍ ഡ്രെയിനേജ് നിര്‍മിക്കാമെന്ന ഓവര്‍സിയറുടെ നിര്‍ദേശം ഇവര്‍ തള്ളി.ഡ്രെയിനേജ് നിര്‍മിക്കാന്‍ റോഡരികിലെ നാലു വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണം. ഇതുമായി ബന്ധപ്പെട്ട് നോട്ടിസ് നല്‍കിയിട്ടുമില്ല. വീട്ടിക്കുത്ത് റോഡില്‍ പി.ജി ഹോസ്പിറ്റല്‍ മുതല്‍ വീട്ടിക്കുത്ത് ജങ്ഷന് വരെയാണ് റോഡ് പ്രവൃത്തി നടത്തേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."