വനിതാ മതിലിന് പൊടിക്കുന്നത് 50 കോടി
അന്‍സാര്‍ മുഹമ്മദ്#
തിരുവനന്തപുരം: വനിതാമതില്‍ ചെലവിനെ കുറിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെ സര്‍ക്കാരിന്റെ കള്ളക്കളി പുറത്ത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ചില ഹിന്ദു സമുദായ സംഘടനകളെ മാത്രം ഉള്‍പ്പെടുത്തി നവോത്ഥാന സംരക്ഷണമെന്ന പേരില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന് സര്‍ക്കാര്‍ പൊടിക്കുന്നത് 50 കോടി രൂപ. ഇത് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതാണ്.
വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതിനായി സര്‍ക്കരിന്റെ ഒറ്റ പൈസ ചെലവാക്കില്ലെന്നും നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞ സര്‍ക്കാരാണ് ഇന്നലെ ഹൈക്കോടതിയില്‍ സത്യം തുറന്നു പറഞ്ഞത്. സ്ത്രീ സുരക്ഷയ്ക്ക്‌വേണ്ടി നീക്കിവച്ച പണമാണ് നവോത്ഥാനത്തിന് വനിതാ മതില്‍ ഉണ്ടാക്കാന്‍ ചെലവിടുന്നത്. പ്രളയ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ സാലറി ചലഞ്ച് എന്ന പേരില്‍ ഉള്‍പ്പെടെ പാവപ്പെട്ടവരില്‍ നിന്നു പിടിച്ചു പറി നടത്തിയ സര്‍ക്കാരാണ് വനിതാ മതിലിന് കോടികള്‍ ചെലവിടുന്നതെന്നതും അപഹാസ്യമാണ്. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ ബജറ്റില്‍ ഫണ്ട് അനുവദിച്ചത്.
നിര്‍ഭയ ഹോമുകളുടെ പുനഃരുദ്ധാരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഒരുക്കാനും, വനിതാ പൊലിസുകാരെ നിയമിച്ച് പൊലിസ് സ്റ്റേഷനുകളുടെ നവീകരണത്തിനും സ്ത്രീകള്‍ക്കായി പ്രത്യേക താമസ സൗകര്യം ഒരുക്കുക, സര്‍ക്കാര്‍ ഏജന്‍സികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ബജറ്റില്‍ ഫണ്ട് അനുവദിച്ചത്. അനുവദിച്ച ഫണ്ട് മാര്‍ച്ചില്‍ ലാപ്‌സായി പോകുമെന്ന കാരണമാണ് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരിക്കുന്നത്.
അതേസമയം, വനിതാ മതില്‍ നടക്കുന്ന ജനുവരി ഒന്നിന് എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ അവധി നല്‍കാനും ആലോചനയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി നല്‍കിയേക്കും.
കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ കൂടിയ ഇടതു സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ മന്ത്രി കെ.കെ ശൈലജ ഇതു സംബന്ധിച്ച് ഉറപ്പു നല്‍കിയതായാണ് വിവരം. ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചാല്‍ പ്രതിപക്ഷ സംഘടനകള്‍ നിയമ നടപടികള്‍ സ്വീകരിച്ചാല്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. അവധി നല്‍കിയാല്‍ മാത്രമേ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വനിതാമതില്‍ കെട്ടി പൊക്കാന്‍ ഉണ്ടാകൂ എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഇത് വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ വിളിച്ചു ചേര്‍ത്ത സര്‍വിസ് സംഘടനകളുടെ യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇന്നലെ ഹൈക്കോടതി വനിതാ മതിലിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ അവധി സംബന്ധിച്ച് കോടതിയില്‍ നിന്നും എതിര്‍പ്പുയരില്ലെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. എന്തായാലും നിയമോപദേശം ലഭിച്ചതിനു ശേഷമായിരിക്കും അവധി സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."