പുന്നമടയ്ക്കു വേണം വടക്കിന്റെ തുഴക്കരുത്ത്
ചെറുവത്തൂര്‍: സ്വന്തം നാട്ടിലെ ജലോത്സവം അനിശ്ചിതത്വത്തില്‍ കിടക്കുമ്പോഴും പുന്നമടക്കായലില്‍ തീവ്രപരിശീലനത്തിലാണ് ചെറുവത്തൂരില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നുമുള്ള തുഴക്കാര്‍. വടക്കിന്റെ തുഴക്കരുത്തുമായി രണ്ടു ചുണ്ടന് വള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫിയില്‍ മത്സരത്തിനിറങ്ങുന്നത്. എടത്വ വില്ലേജ് ബോട്ട് ക്ലബ്, ഫ്രണ്ട്സ് വള്ളംകുളങ്ങര എന്നീ ക്ലബുകള്‍ക്കു വേണ്ടിയാണു തേജസ്വിനിയുടെ താരങ്ങളുടെ തുഴച്ചില്‍ വൈഭവം പുറത്തെടുക്കുക.
ഓഗസ്റ്റ് 12നു നടക്കുന്ന മത്സരത്തില്‍ കരുത്തോടെ തുഴയാന്‍ ചെറുവത്തൂരില്‍ നിന്നുള്ള തുഴക്കാര്‍ പുന്നമടയില്‍ കഠിന പരിശീലനം നടത്തുകയാണ്. കഴിഞ്ഞ വര്‍ഷം നെഹ്റു ട്രോഫി വള്ളം കളിയില്‍ ഇവിടെ നിന്നുള്ള തുഴക്കാര്‍ തുഴഞ്ഞിരുന്നു. ആലപ്പുഴ വി.ബി.സി എടത്വ സെന്റ് ജോര്‍ജ് ചുണ്ടനു വേണ്ടിയായിരുന്നു തുഴയെറിഞ്ഞത്. വടക്കിന്റെ ശൈലിയും കരുത്തും തിരിച്ചറിഞ്ഞതോടെയാണ് 103 പേര് അണിനിരക്കുന്ന വള്ളം തുഴയാന്‍ ഇത്തവണ രണ്ടു ക്ലബുകള്‍ക്കായി 140 തുഴച്ചില്‍ പ്രതിഭകളെ കാസര്‍കോട് ജില്ലയില്‍ നിന്നു തന്നെ തിരഞ്ഞെടുത്തത്.
ഉത്തരമലബാറിലെ ജലോത്സവങ്ങളില്‍ ചുരുളന്‍ വള്ളങ്ങളിലാണു മത്സരമെങ്കില്‍ പുന്നമടക്കായലില്‍ ചുണ്ടന് വള്ളത്തിലാണു മത്സരം. മത്സരം കാണാനും ആവേശം നല്‍കാനും ചെറുവത്തൂര്‍ പ്രദേശത്തു നിന്നു നിരവധി ജലോത്സവ പ്രേമികള്‍ ആലപ്പുഴയിലേക്കു വരും ദിവസങ്ങളില്‍ യാത്രതിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."