ബി.ജെ.പിക്കു തിരിച്ചടി; ബംഗാളിലെ രഥയാത്രയ്ക്കുള്ള അനുമതി കോടതി റദ്ദാക്കി
കൊല്‍ക്കത്ത: ബംഗാളില്‍ രഥയാത്ര നടത്താനിരുന്ന ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി. രഥയാത്രയ്ക്ക് അനുമതി നല്‍കിയ കല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദേബാശിഷ് കര്‍ഗുപ്ത ഉള്‍പ്പെടുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ബി.ജെ.പിക്ക് സംസ്ഥാനത്ത് മൂന്ന് രഥയാത്ര നടത്തുന്നതിന് വ്യാഴാഴ്ചയാണ് അനുമതി നല്‍കിയത്.
ഇന്റലിജന്‍സ് വിവരങ്ങള്‍ കൂടി പരിഗണിച്ച് വേണം വിധി തീരുമാനിക്കാനെന്നും കേസില്‍ വീണ്ടും വാദം കേട്ടു തീരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
യാത്രയ്ക്ക് അനുമതി നല്‍കാതിരിക്കാനുള്ള സര്‍ക്കാരിന്റെ വാദങ്ങള്‍ പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് ദേബാശിഷ് കര്‍ഗുപ്ത പറഞ്ഞു.
സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവാന്‍ കാരണമാകുമെന്ന് അറിയിച്ച് യാത്രയ്ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
സര്‍ക്കാര്‍ നടപടിക്കെതിരേ ബി.ജെ.പി നല്‍കിയ ഹരജിയിലാണ് ബി.ജെ.പിക്ക് അനുകൂലമായി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചത്. എന്നാല്‍ ജസ്റ്റിസ് ദേബാശിഷ് കര്‍ഗുപ്ത, ജസ്റ്റിസ് സംബ സര്‍ക്കാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന് സംസ്ഥാന അപ്പീല്‍ നല്‍കുകയായിരുന്നു.
അടിയന്തര പ്രധാന്യമുള്ള വിഷയമായതിനാല്‍ കേസില്‍ ഉടന്‍ വിചാരണ നടത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസ് സിംഗിള്‍ ബെഞ്ചിലേക്ക് വിട്ട ഡിവിഷന്‍ ബെഞ്ച്, സര്‍ക്കാര്‍ സമര്‍പ്പിച്ച 36 രഹസ്യാന്വേഷണ വിവരങ്ങള്‍ പരിശോധിച്ച ശേഷമേ അന്തിമ വിധി പുറപ്പെടുവിക്കാവൂ എന്ന് ആവശ്യപ്പെട്ടു.
യാത്രക്ക് അനുമതി നല്‍കി കൊണ്ട് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് മൂന്ന് യാത്രകളില്‍ ആദ്യത്തേത് ശനിയാഴ്ച ഭിര്‍ബൂം ജില്ലയില്‍നിന്ന് ആരംഭിക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു.
അവധിക്കാല ബെഞ്ചില്‍ പരിഗണിച്ചിട്ടില്ലെങ്കില്‍ ജനുവരി ആദ്യവാരമായിരിക്കും ഇനി അപേക്ഷ പരിഗണിക്കുക. ശീതകാല അവധിക്കായി കല്‍ക്കത്ത കോടതി ഇന്ന് അടച്ചു.
ബംഗാളിലെ 22 ലോക്‌സഭാ മണ്ഡലങ്ങളെ ലക്ഷ്യമാക്കിയാണ് രഥയാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."