വിദ്യാലയ വികസന സെമിനാര്‍ 12ന്
മലപ്പുറം: ഗവ. ഗേള്‍സ് എച്ച്.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി 12നു വിദ്യാലയ വികസന സെമിനാര്‍ സംഘടിപ്പിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതിയില്‍ മലപ്പുറം മണ്ഡലത്തില്‍നിന്ന് ഇടംപിടിച്ചത് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ്.
പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനും വികസനരേഖ തയാറാക്കാനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
12ന് ഉച്ചയ്ക്കു രണ്ടിനു സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. എ.പി അനില്‍കുമാര്‍ എം.എല്‍.എ വികസനരേഖ പ്രകാശനം ചെയ്യും. നഗരസഭാധ്യക്ഷ സി.എച്ച് ജമീല ടീച്ചര്‍, ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്ദ്, കൗണ്‍സിലര്‍മാര്‍, പൂര്‍വവിദ്യാര്‍ഥികള്‍, മുന്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വ്യാപാര-വ്യവസായ പ്രമുഖര്‍, നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
പദ്ധതിയുടെ ഭാഗമായി ആധുനിക രീതിയിലുള്ള കെട്ടിടങ്ങള്‍, ഹൈടെക് ക്ലാസ് റൂമുകള്‍, അനുബന്ധ സൗകര്യങ്ങള്‍, ലാബ്-ലൈബ്രറി സംവിധാനങ്ങള്‍, സ്റ്റുഡന്റ്സ് പാര്‍ക്ക്, പ്ലേ ഗ്രൗണ്ട്, ഗാര്ഡന്, ഡൈനിങ് ആന്‍ഡ് കിച്ചന് ഹാള്‍, സ്റ്റുഡന്റ്സ് റെസ്റ്റ് റൂം തുടങ്ങിയ ഭൗതിക സൗകര്യങ്ങളും സ്കൂളില്‍ സജ്ജമാകും. അഞ്ചു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനായി പ്രാഥമികമായി അനുവദിച്ചിരിക്കുന്നത്.
17 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ബാക്കി തുക മറ്റു സ്രോതസുകളില്‍നിന്നും പ്രാദേശികമായും കണ്ടെത്തും. വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് എം.കെ മുഹമ്മദലി, പ്രിന്‍സിപ്പല്‍ സി. മനോജ് കുമാര്‍, പബ്ലിസിറ്റി ചെയര്മാന് ഉപ്പൂടന്‍ ഷൗക്കത്ത്, ഹെഡ്മാസ്റ്റര് ഇന്‍ചാര്‍ജ് പി.കെ ഷാഹുല്‍ ഹമീദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."