ഖജനാവിലെ പണം ചെലവഴിക്കില്ലെന്ന് പറയുന്നത് ജനരോഷം ഭയന്ന്: മുല്ലപ്പള്ളി
തിരുവനന്തപുരം: വനിതാമതിലിന് ഖജനാവിലെ പണം ചെലവഴിക്കില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് ജനരോഷം ഭയന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
വനിതാമതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും അതിനായി ഖജനാവിലെ പണം ചെലവഴിക്കില്ലെന്നും നിയമസഭയില്‍ ഉള്‍പ്പെടെ പറഞ്ഞ സര്‍ക്കാര്‍ തന്നെയാണ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വനിതാമതിലിന്റെ ചെലവിന് തുക വകമാറ്റിയ കാര്യം അറിയിച്ചത്. സ്ത്രീ സുരക്ഷക്കായി നീക്കിവച്ച തുകയാണ് വനിതാ മതിലിനായി സര്‍ക്കാര്‍ ചെലവാക്കാന്‍ തുനിഞ്ഞത്.
പ്രളയാനന്തരം കിടപ്പാടവും ഭൂമിയും നഷ്ടമായവര്‍, നിരാലംബരായ കൃഷിക്കാര്‍ ഇവരെയൊന്നും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കേരള പുനര്‍നിര്‍മാണത്തിന്റെ പേരില്‍ പണം കണ്ടെത്താന്‍ സാലറി ചലഞ്ച് ഉള്‍പ്പെടെ നടത്തി പാവപ്പെട്ടവരില്‍ നിന്ന് പിടിച്ചുപറി നടത്തിയ സര്‍ക്കാര്‍ വനിതാ മതിലിന് കോടികള്‍ പൊടിക്കുന്നത് അപഹാസ്യമാണ്. ധാരാളിത്വത്തിന് പേരുകേട്ട സര്‍ക്കാര്‍ നികുതിദായകന്റെ പണം കൊണ്ട് ധൂര്‍ത്തടിക്കുകയാണ്.
ജനങ്ങളുടെ പ്രയാസം മനസിലാകാത്ത ഹൃദയശൂന്യരായ ഒരുകൂട്ടം ആളുകളാണ് കേരളം ഭരിക്കുന്നത്. ആഡംബരങ്ങളുടെ നടുവിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണം നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."