മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്ന് ചെന്നിത്തല
കോഴിക്കോട്: വനിതാമതിലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതിലിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്ത്രീസുരക്ഷക്കായി മാറ്റിവച്ച 50 കോടി വനിതാമതിലിനായി ചെലവഴിക്കുമെന്നാണ് പറയുന്നത്.
പണം വകമാറ്റി ചെലവഴിക്കല്‍ അഴിമതിയുടെ ഭാഗമാണ്. മതിലിന് വേണ്ടി 50 കോടി രൂപ എങ്ങനെയാണ് ചെലവഴിക്കുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്ത്രീസുരക്ഷക്കായി മാറ്റിവച്ച പണം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നത് ഗുരുതര തെറ്റാണ്. വനിതാ ശിശുക്ഷേമ വകുപ്പ് ഇതിന് മറുപടി നല്‍കണം. സ്ത്രീകള്‍ക്കെതിരേ വലിയതോതില്‍ പീഡനങ്ങള്‍ നടക്കുമ്പോള്‍ അവരുടെ സുരക്ഷക്കും പുനരധിവാസത്തിനുമാണ് ബജറ്റില്‍ 50 കോടി വകയിരുത്തിയത്.
ഈ പണം വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നത് ഭരണ പരാജയമാണ്. സ്ത്രീസുരക്ഷക്കായുള്ള പണം വകമാറ്റി ചെലവഴിക്കാന്‍ പാടില്ല. വകുപ്പ് തലവനും ചീഫ് സെക്രട്ടറിയും വിഷയത്തില്‍ മറുപടി പറയണം. ഇതിനെതിരേ ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിക്കണമെന്നത് യു.ഡി.എഫ് ചര്‍ച്ച ചെയ്യും.
പ്രളയത്തില്‍ എല്ലാം തകര്‍ന്ന ആയിരങ്ങള്‍ കേരളത്തിലുള്ളപ്പോള്‍ അവര്‍ക്ക് വീട് വച്ചുനല്‍കാനും അവശ്യസാധനങ്ങള്‍ വാങ്ങിനല്‍കാനും പണം ചെലവഴിക്കാതെ പാര്‍ട്ടി പരിപാടിക്ക് ചെലവഴിക്കുന്നത് തെറ്റാണ്. വനിതാ മതില്‍ വര്‍ഗീയ മതിലാണ്.
കേരളത്തിലെ ജനങ്ങളെ വിഭജിക്കാന്‍ വേണ്ടിയാണ് സി.പി.എം വനിതാമതില്‍ നിര്‍മിക്കുന്നത്. മതേതര മുഖം ഇതിനില്ല. ഏതെങ്കിലും ഹിന്ദു സംഘടനകള്‍ മാത്രമല്ല കേരള നവോത്ഥാനത്തില്‍ പങ്കുവഹിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെയും മൊയ്തു മൗലവിയുടെയും ചാവറ അച്ചന്റെയുമെല്ലാം നാടാണ് കേരളം. മതസംഘടനകളുടെ പരിപാടി സര്‍ക്കാര്‍ ചെലവില്‍ നടത്താന്‍ കഴിയില്ല.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 27 പ്രകാരം മതസംഘടനകളുടെ പരിപാടിക്ക് പൊതുപണം ചെലവഴിക്കരുതെന്ന് വ്യക്തമായി നിര്‍ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, അഡ്വ പി. എം നിയാസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."