ഹൈദരാബാദ് സ്ഫോടനം: 10 പ്രതികളെയും വെറുതെ വിട്ടു
ഹൈദരാബാദ്: 2005ലെ ഹൈദരാബാദ് ബോംബ് സ്ഫോടനക്കേസിലെ 10 പ്രതികളെയും കോടതി വെറുതെ വിട്ടു. ഹൈദരാബാദിലെ മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതി ജഡ്ജ് ടി.ശ്രീനിവാസ റാവുവാണ് പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി വെറുതെ വിട്ടത്.
കേസുമായി ബന്ധപ്പെട്ട് 10 പേരെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും ഇതില്‍ ഒരാള്‍ നേരത്തെ തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു.
ശരീരത്തില്‍ സ്ഫോടക വസ്തുക്കള്‍ കെട്ടിവച്ച് ഹൈദരാബാദിലെ ബീഗംപേട്ട് ഭാഗത്തെ പൊലിസ് ടാസ്ക് ഫോഴ്സ് ഓഫിസില്‍ അതിക്രമിച്ചു കയറി ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 2005 ഒക്ടോബര്‍ 12നായിരുന്നു സംഭവം. സ്ഫോടനത്തില്‍ ഒരു ഹോം ഗാര്‍ഡ് മരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത്തുല്‍ ജിഹാദെ ഇസ്്ലാമി എന്ന സംഘടനയാണ് സ്ഫോടനം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പൊട്ടിത്തെറിച്ച ചാവേറിനെ തിരിച്ചറിയുകയും ചെയ്തിരുന്നു.
സംഭവത്തില്‍ 20 പേര്‍ക്ക് പങ്കുണ്ടെന്ന് പൊലിസ് കണ്ടെത്തി. എന്നാല്‍ ഇവരില്‍ മൂന്നുപേര്‍ വിവിധ സംഭവങ്ങളിലായി കൊല്ലപ്പെടുകയും ഏഴ്പേര് ഒളിവില്‍ പോവുകയും ചെയ്തു. ശേഷിക്കുന്ന പത്തുപേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."