സൗത്ത് ബീച്ചില്‍ അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍ക്കുളം; സ്വപ്‌നം മാത്രമാകുമോ ?
കോഴിക്കോട്: ജില്ലയിലെ കായികപ്രേമികളുടെ സ്വപ്നമായ സൗത്ത് ബീച്ചിലെ അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍ക്കുളം ഒരു സ്വപ്നമായി അവശേഷിക്കുന്നു. ശിലാസ്ഥാപനം നടത്തി നീണ്ട 18 വര്‍ഷം പിന്നിട്ടിട്ടും പദ്ധതി യാഥാര്‍ഥ്യാമാക്കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കഴിഞ്ഞിട്ടില്ല. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ടി.പി ദാസന്റെ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു കോഴിക്കോട് സൗത്ത് ബീച്ചിലെ രാജ്യാന്തര നിലവാരമുള്ള നീന്തല്‍ക്കുളം. എന്നാല്‍ നാളിതു വരെയായിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നു മാത്രം. സ്ഥലം ഒഴിഞ്ഞുകിടക്കുന്നതിനാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്. 1999-2000 സാമ്പത്തിക വര്‍ഷത്തിലാണ് കേന്ദ്ര കായിക മന്ത്രാലയം കോഴിക്കോട് നീന്തല്‍ക്കുളം പദ്ധതിക്കായി 60 ലക്ഷം രൂപ നല്‍കുന്നത്. നിര്‍മാണച്ചുമതല ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനായിരുന്നു. നീന്തല്‍ക്കുളം നിര്‍മിക്കാന്‍ സംസ്ഥാന യുവജന ക്ഷേമ വകുപ്പും 22 ലക്ഷം രൂപ നല്‍കി.
എന്നാല്‍ ശിലാസ്ഥാപനം നടത്തി രണ്ട് ടാങ്കുകള്‍ കൊണ്ടിട്ടതല്ലാതെ മറ്റൊരു തുടര്‍പ്രവൃത്തിയും ഈ 18 വര്‍ഷത്തിനുള്ളില്‍ നടന്നിട്ടില്ല.
പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും സംസ്ഥാന സ്‌പോര്‍ട്‌സ് ഡയരക്ടറേറ്റിനു മുന്നില്‍ കഴിഞ്ഞവര്‍ഷം തന്നെ സമര്‍പ്പിച്ചതായാണു ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പറയുന്നത്. പണം പാസാക്കേണ്ടതും തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതും സംസ്ഥാന സ്‌പോര്‍ട്‌സ് ഡയരക്ടറേറ്റാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി പറഞ്ഞു. തുറമുഖ വകുപ്പില്‍ നിന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാടകയ്‌ക്കെടുത്ത സ്ഥലമാണിത്. അതിനാല്‍ വര്‍ഷം തോറും സര്‍ക്കാരിനു 74,000 രൂപ വാടകയും നല്‍കുന്നുണ്ട്. ഇതിനിടെ ബീച്ച് നവീകരണത്തിനായി സ്ഥലം കൈയേറി എന്നാരോപിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗവും സ്‌പോര്‍ട്‌സ് കൗണ്‍സിലും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
ഇത്രയധികം വര്‍ഷം സ്ഥലം വെറുതെയായ സാഹചര്യത്തില്‍ ബീച്ച് നവീകരണത്തിനും ലോറി പാര്‍ക്കിങ്ങിനും തുറമുഖവകുപ്പ് നീന്തല്‍ക്കുളത്തിന്റെ സ്ഥലം വിട്ടുനല്‍കാന്‍ ശ്രമിക്കുകയായിരുന്നു. ഒടുവില്‍ പാട്ടക്കാലാവധി പുതുക്കി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തര്‍ക്കം പരിഹരിക്കുകയും മേഖല അതിരുകെട്ടി സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഫണ്ട് പാസായിട്ടും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ വൈകുന്നതാണു കായികപ്രേമികളുടെ സ്വപ്നത്തെ തകര്‍ക്കുന്നത്.
സംസ്ഥാനത്തിനു മികച്ച കായികതാരങ്ങളെ സംഭാവന ചെയ്യുന്ന നാടിനോടാണ് സര്‍ക്കാരിന്റെ ഈ അവഗണന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."