ഉത്തരകൊറിയക്ക് മറുപടിയുമായി യു.എസ്
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭീഷണിക്ക് മറുപടിയും താക്കീതുമായി അമേരിക്ക. യു.എസ്. പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് ആണ് ഉത്തരകൊറിയക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്കയ്‌ക്കെതിരായി ഉത്തരകൊറിയ പ്രകോപനമുണ്ടാക്കിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നു ജിം മാറ്റിസ് പറഞ്ഞു.
ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരകൊറിയ ശക്തമായ വില നല്‍കേണ്ടിവരുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു മറുപടിയായിരുന്നു ഉത്തരകൊറിയയുടെ ഗുവാം ആക്രമണഭീഷണി. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയക്കു താക്കീതുമായി അമേരിക്ക വീണ്ടുമെത്തിയത്. ഉത്തരകൊറിയ സ്വയം നാശത്തിനുള്ള വഴി തുറക്കരുത്. അമേരിക്കയ്‌ക്കെതിരായ നടപടികള്‍ ഉത്തരകൊറിയയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും നാശം വരുത്തിവയ്ക്കാനേ ഇടയാക്കൂ എന്നും പ്യോങ്യാങ് സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും മാറ്റിസ് ആവശ്യപ്പെട്ടു. ഉത്തരകൊറിയ നിലവില്‍ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും അവരെ നേരിടാന്‍ സൈന്യം സജ്ജമാണെന്നും സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണും വ്യക്തമാക്കി. പസഫിക് സമുദ്രത്തിലെ യു.എസ് ദ്വീപായ ഗുവാമിനെ ആക്രമിക്കുമെന്നായിരുന്നു ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. പ്രസിഡന്റ് കിങ് ജോങ് ഉന്‍ അനുമതി നല്‍കിയാല്‍ ഏതു നിമിഷവും ആക്രമണമുണ്ടാകുമെന്നും ഉത്തരകൊറിയയുടെ പട്ടാള വക്താവ് വെളിപ്പെടുത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോരുകള്‍ ശക്തമായി തുടരുന്നതിനിടെ രാജ്യത്തെ ആണവായുധങ്ങള്‍ നവീകരിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കാലത്തേക്കാള്‍ ആയുധങ്ങള്‍ കരുത്തുറ്റതാക്കാനാണ് നിര്‍ദേശം. ന്യൂജേഴ്‌സിയില്‍ അവധി ആഘോഷിക്കുന്നതിനിടെ ബുധനാഴ്ചയാണ് ട്രംപ് നിര്‍ദേശം നല്‍കിയത്. ഇതിനിടെ യു.എസും ഉത്തരകൊറിയയും യുദ്ധപ്രഖ്യാപനങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."