പുനഃപരീക്ഷയിലും ഗൈഡിലെ തനിയാവര്‍ത്തനം
കൊച്ചി: ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് പി.എസ്.സി നടത്തിയ ലൈബ്രേറിയന്‍ ഗ്രേഡ് 4 പുനഃപരീക്ഷയെക്കുറിച്ചും പരാതിയുമായി ഉദ്യോഗാര്‍ഥികള്‍. പുനഃപരീക്ഷയിലെ ഭൂരിഭാഗം ചോദ്യങ്ങളും ഒരു സ്വകാര്യ ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് പരീക്ഷ എഴുതിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നേരത്തേ 2016 ഡിസംബര്‍ ഒന്നിന് നടത്തിയ കാറ്റഗറി നമ്പര്‍ 507/ 2015 ലൈബ്രേറിയന്‍ ഗ്രേഡ് 4 പരീക്ഷ റദ്ദാക്കിയിരുന്നു. യോഗ്യതയില്ലാത്ത ഗസ്റ്റ് അധ്യാപകന്‍ ചോദ്യകര്‍ത്താവാകുകയും അയാള്‍ തന്നെ പരീക്ഷ എഴുതുകയും ചെയ്‌തെന്ന കാരണത്താലായിരുന്നു ഇത്.
പുനഃപരീക്ഷയില്‍ പാര്‍ട്ട്-എ സബ്ജക്ട് വിഭാഗത്തില്‍ ചോദിച്ച 80 ചോദ്യങ്ങളില്‍ 56 എണ്ണവും എസ്.എസ് പബ്ലിക്കേഷന്‍സിന്റെ ഗൈഡില്‍ നിന്ന് അതേപടി ആവര്‍ത്തിച്ചതായാണ് പരാതി. ഗൈഡിലെ 61 മുതല്‍ 81 വരെയും 115 മുതല്‍ 217 വരേയുമുള്ള പേജുകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉത്തരങ്ങളുടെ ഓപ്ഷന്‍ പോലും മാറാതെയാണ് ആവര്‍ത്തിരിച്ചിരിക്കുന്നത്. ഗൈഡിലെ തെറ്റുകള്‍ തിരുത്താതെ അതേപടി ആവര്‍ത്തിക്കുകയായിരുന്നെന്നും പരീക്ഷയെഴുതിയവര്‍ പറഞ്ഞു. ഗൈഡില്‍ നിന്നോ റഫറന്‍സ് ബുക്കില്‍ നിന്നോ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തരുതെന്ന് പി.എസ്.സി ചോദ്യകര്‍ത്താക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ചോദ്യപേപ്പര്‍ തയാറാക്കിയതെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.
ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആണ് പ്രസ്തുത തസ്തികയുടെ അടിസ്ഥാന യോഗ്യത. എന്നാല്‍ ഭൂരിഭാഗം ചോദ്യങ്ങളും പി.ജി നിലവാരത്തിലുള്ളതാണ്. 11 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് പി.എസ്.സി ഈ തസ്തികയിലേക്ക് പരീക്ഷ നടത്തിയത്. പരീക്ഷ എഴുതിയവര്‍ കൂട്ടായി പരാതി നല്‍കിയിട്ടും ഹിയറിങ്ങിനുവിളിക്കാതെ പി.എസ്.സി തുടര്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ്. ഇതിനെതിരേ സമരപരിപാടി സംഘടിപ്പിക്കുമെന്നും പരീക്ഷ എഴുതിയവര്‍ പറഞ്ഞു. പ്രശാന്ത്, ബിനു ബാബു, സജോ.കെ ജോണ്‍, സുധീഷ് കുമാര്‍ എം.കെ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."