ടെര്‍മിനലിലെ ശീതീകരണ സംവിധാനം നിലച്ചു; കരിപ്പൂരില്‍ ബഹളം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ ശീതീകരണ സംവിധാനം അറ്റകുറ്റ പണികള്‍ക്കായി അടച്ചത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ടെര്‍മിനലില്‍ ചൂടനുഭവപ്പെടുന്നെന്ന പരാതിയുമായി യാത്രക്കാര്‍ ബഹളം വെച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലെ ശീതീകരണ സംവിധാനം താല്‍ക്കാലികമായി അടച്ചത്. കേന്ദ്രീകൃത എയര്‍കണ്ടീഷന്‍ സംവിധാനമാണ് വിമാനത്താവളത്തിലുള്ളത്. ഇതിന്റെ വാര്‍ഷിക അറ്റകുറ്റപണികള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
സാധാരണഗതിയില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ കഴിയുന്ന അറ്റകുറ്റപണികള്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നീളുകയായിരുന്നു.
അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വിമാനത്താവള ഹാളിലും സെക്യൂരിറ്റി ലോഞ്ചിലും ഫാനുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ടെര്‍മിനലില്‍ ചൂടനുഭവപ്പെടുന്നതായി യാത്രക്കാര്‍ പരാതിപ്പെട്ടിരുന്നു. ഒരേ സമയം ആയിരത്തിലധികം യാത്രക്കാര്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്നാണ് ടെര്നമിനലില് ചൂടനുഭപ്പെട്ടത്. ഇതില്‍ ക്ഷുഭിതരായാണ് യാത്രക്കാര്‍ ബഹളം വച്ചത്.
അധികൃതര്‍ യാത്രക്കാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൂടുതല്‍ ഫാനുകള്‍ എത്തിച്ചു പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കാണുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."