കൊട്ടിയൂര്‍ പീഡനം: വിടുതല്‍ ഹരജി തള്ളി
തലശ്ശേരി: തങ്ങളെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന് പ്രതികള്‍ നല്കിയ ഹരജി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. അതിനിടെ കേസിലെ മൂന്ന് പ്രതികളുടെ വിചാരണ വേഗത്തില്‍ ആരംഭിക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജിയും ഇന്നലെ പരിഗണിച്ചു. ഇതില്‍ ഒന്നാം പ്രതിയുടെ വിചാരണ ഉടന്‍ നടത്താന്‍ കോടതി അനുമതി നല്കി. കേസിലെ എട്ട് മുതല്‍ 10 വരെ പ്രതികളായ വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്മാന് ഫാ.തോമസ് തേരകം, ശിശുക്ഷേമ സമിതിയംഗം സിസ്റ്റര്‍ ബെറ്റി ജോസ്് എന്നിവരാണ് ഹരജി നല്‍കിയത്.
വിചാരണ നടത്താതെ പ്രതിപ്പട്ടികയില്‍ നിന്ന് ആരേയും ഒഴിവാക്കാന്‍ സാധിക്കില്ലെന്നും കേസിലെ ഒന്നാം പ്രതി ഫാ.റോബിന് വടക്കുംചേരിയെ ഈ പ്രതികള്‍ സഹായിക്കുകയും ചെയ്തതായി പ്രൊസിക്യൂഷന് കോടതി മുന്‍പാകെ ബോധിപ്പിച്ചിരുന്നു. ഈ വാദം കണക്കിലെടുത്താണ് മൂന്ന് പ്രതികളുടെയും വിടുതല്‍ ഹരജി തള്ളിയത്. പ്രതികളുടെ വിചാരണ നടപടികള്‍ വേഗത്തില്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രൊസിക്യൂഷന് നല്കിയ ഹരജി പരിഗണിച്ച കോടതി ഒന്നാം പ്രതി ഫാ.റോബിന് വടക്കുംചേരിയുടെ വിചാരണ വേഗത്തിലാക്കാന്‍ അനുമതി നല്കി. കേസ് ഓഗസ്റ്റ് 24ന് വീണ്ടും പരിഗണിച്ച് വിചാരണ നടപടിക്ക് വിടും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് ഫാ.റോബിന് വടക്കുംചേരിയെ ഇന്നലെ കോടതി മുന്പാകെമ ഹാജരാക്കിയിരുന്നു. പ്രതിയുടെ റിമാന്‍ഡ് ഈ മാസം 24 വരെ ദീര്‍ഘിപ്പിച്ചു. കേസില്‍ ഫാ. റോബിന് ഒഴികെയുള്ള മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയിരുന്നു. കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ കേസില്‍ 10 പ്രതികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."