ചെതലയത്ത് മിച്ചഭൂമി പതിച്ചുനല്‍കല്‍ ഹൈക്കോടതി തടഞ്ഞു
കല്‍പ്പറ്റ: ചെതലയത്തെ മിച്ചഭൂമി പതിച്ച് കൊടുക്കുന്നതിനെതിരെയുള്ള നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സുല്‍ത്താന്‍ ബത്തേരി- പുല്‍പ്പള്ളി റോഡിലെ ചെതലയത്ത് വനംവന്യജീവി വകുപ്പിന്റെ കൈവശത്തിലുള്ള മിച്ചഭൂമിയില്‍ ഒരു ഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു പതിച്ചുകൊടുക്കുന്നതിനുള്ള നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ചെതലയം സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിക്കായി കണ്‍വീനറും സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലറുമായ കണ്ണിയന്‍ അഹമ്മദുകുട്ടി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പട്ടികജാതി കുടുംബങ്ങള്‍ക്കു വേറേ ഭൂമി കണ്ടെത്തി നല്‍കുന്നതിനും ചെതലയം ടൗണിനോടു ചേര്‍ന്നുളള മിച്ചഭൂമി പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും ഉത്തരവാകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചെതലയത്ത് ഫോറസ്റ്റ് പാളയം എന്നറിയപ്പെടുന്ന 25 ഏക്കര്‍ വനേതര ഭൂമിയാണ് വനംവന്യജീവി വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നത്. ഇതില്‍ 10 ഏക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിനു വിട്ടുകൊടുത്തു. രണ്ട് ഏക്കര്‍ ആരോഗ്യ കേന്ദ്രത്തിനു കൈമാറി. അവശേഷിക്കുന്ന 13 ഏക്കറിലാണ് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ച് ഓഫിസ്, വനം ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്‌സുകള്‍, ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥിതിചെയ്യുന്നത്. ഫോറസ്റ്റ് ഓഫിസ് ഉള്‍പ്പെട്ട വളപ്പില്‍ 19 പട്ടികജാതി കുടുംബങ്ങള്‍ക്കു 20 സെന്റ് വീതം സ്ഥലം പതിച്ചുകൊടുക്കാനാണ് റവന്യൂ വകുപ്പ് നീക്കം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഭൂമി അളന്നുതിരിക്കുന്നതിന് രണ്ടുമാസം മുമ്പു നടത്തിയ ശ്രമം തദ്ദേശവാസികള്‍ തടഞ്ഞു. പിന്നീട് പൊലിസ് സാന്നിധ്യത്തില്‍ സര്‍വേ നടത്തി സ്ഥലം അളന്നുതിരിച്ചു. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റി പ്രശ്‌നം നിയമപരമായി നേരിടാന്‍ തീരുമാനിച്ചത്. വനംവന്യജീവി വകുപ്പിന്റെ കൈവശത്തിലുള്ള മിച്ചഭൂമി പൊതു ആവശ്യത്തിനു ഉപയോഗപ്പെടുത്തുന്നതിനു 2013ല്‍ ചെതയത്ത് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."