മൂക്കുന്നിമലയിലെ ക്വാറിയില്‍ സ്ഫോടനം; നാല് പേര്‍ക്ക് പരുക്ക്
നേമം: മൂക്കുന്നിമലയിലെ പാറ ക്വാറിയില്‍ ഇന്നലെ രാവിലെ ഒന്‍പതോടെയുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന വെടിമരുന്നില്‍ തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. സതേണ്‍ ഗ്രനൈറ്റ്സ് എന്ന സ്ഥാപനത്തിലാണ് അപകടം നടന്നത്. തൊഴിലാളിയായ രാജുവിനെ (52) നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലിസിന് ലഭ്യമായിട്ടില്ല. ആശുപത്രിയില്‍ നിന്നും ലഭിച്ച ഇന്റിമേഷന്‍ പ്രകാരമാണ് ഒരാളെ കുറിച്ചുള്ള വിവരം ലഭ്യമായത്.
രാവിലെ 9.30 ഓടു കൂടി ഒരു പിക്ക്അപ്പ് വാനില്‍ നാല് പേരെ അപകടം പറ്റിയ നിലയില്‍ കിടത്തി അമിത വേഗത്തില്‍ ചീറിപ്പാഞ്ഞു പോയ വാഹനം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടുകൂടിയാണ് സംഭവം പുറംലോകം അറിയുന്നത്. നാലു പേരെയും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ നെയ്യാറ്റിന്‍കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ മൂന്ന് പേരെ പ്രാഥമിക ചികിത്സ നടത്തി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് നാട്ടുകാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. ഇതില്‍ രാജു മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
സംഭവം നടന്ന വിവരം അറിഞ്ഞ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതര്‍ മൂക്കുന്നിമലയില്‍ എത്തിയിരുന്നു. അംഗീകൃത ലൈസന്‍സ് ഇല്ലാത്ത ക്വാറിയിലാണ് അപകടം നടന്നതെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ഏഴ് വരെയും പൊലിസ് സംഭവത്തില്‍ കേസെടുക്കാതിരുന്നത് പൊലിസും ക്വാറി മാഫിയയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊലിസ് സംഭവം അറിഞ്ഞിട്ടില്ലാ എന്നും പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."