രോഗം തളര്‍ത്തിയ ജീവിതങ്ങള്‍ക്ക് ആശ്വാസമേകാന്‍ പെരുമാതുറയില്‍ 'തണലി'ന്റെ സൗധമുയരുന്നു
കഴക്കൂട്ടം: കണ്ണീര്‍ വറ്റി ജീവിതം തോറ്റ നിരവധി ജീവിതങ്ങള്‍ക്ക് സ്‌നേഹവും, പരിചരണവും ചികിത്സയും നല്‍കി വരുന്ന സാമൂഹിക കൂട്ടായ്മയായ തണലിന്റെ കരുണയുടെ സൗധം പെരുമാതുറയിലുമുയരുന്നു. കേരളത്തിന് പുറമെ കര്‍ണാടകയിലും മാഹിയിലും ഒരു കൂട്ടം രോഗികള്‍ക്ക് ആശ്വാസമേകി വരുന്ന തണല്‍ തലസ്ഥാന ജില്ലയിലെ തീരദേശ ഗ്രാമമായ പെരുമാതുറയിലും കനിവിന്റെ തണലൊരുക്കുകയാണ്. അറുന്നൂറില്‍പരം വൃക്കരോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം ഒരുക്കിയും മുന്നൂറില്‍പരം അഗതികളെ ചേര്‍ത്തു പിടിച്ചും അറുന്നൂറ് ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനവും പരിശീലനവും ഒരുക്കിയും വിവിധ സ്ഥലങ്ങളില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചും കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന തണലിന്റെ തിരുവനന്തപുരം ജില്ലയിലെ ആദ്യ ചുവടു വയ്പ്പാണ് പെരുമാതുറയില്‍ തുടക്കം കുറിക്കുന്നത്.
ഓരോ നാട്ടിലെയും വേദനിക്കുന്നവരേയും പ്രയാസപ്പെടുന്നവരേയും സംരക്ഷിക്കുവാന്‍ ആ നാടിനു കഴിയുമെന്നാണ് തണലിന്റെ സാരഥികള്‍ വിശ്വസിക്കുന്നത്. തലസ്ഥാന ജില്ലയിലെ തീരദേശ ഗ്രാമമായ പെരുമാതുറയില്‍ ഭിന്നശേഷി സ്‌കൂളും ഡയാലിസ് സെന്ററും ഉയര്‍ന്നുവന്നാല്‍ തങ്ങളുടെ സേവനപാതയില്‍ അതൊരു ഏറ്റവും വലിയ മുതല്‍കൂട്ടാകുമെന്നാണ് തണല്‍ പ്രതീക്ഷിക്കുന്നത്.
പെരുമാതുറ മാടന്‍വിള താഴ്‌വിളാകം കുടുംബാംഗമായ പരേതനായ ഇ. അബ്ദുല്‍ വാഹിദിന്റെ മകള്‍ ഷംസൂനത്ത് ബീവി തണലിന് സൗജന്യമായി നല്‍കിയ 20 സെന്റ് ഭൂമിയിലാണ് തണലിന്റെ കാരുണ്യത്തിന്റെ സൗധം ഒരുങ്ങാന്‍ പോകുന്നത്. മൂവായിരം സ്‌ക്വയര്‍ഫീറ്റ് വീതം മൂന്ന് നിലകളായിട്ടാണ് കെട്ടിടം പണിയുന്നത്. ആദ്യഘട്ടത്തില്‍ ആയിരങ്ങള്‍ക്ക് ആശ്വാസമായി ഡയാലിസ് സെന്റര്‍ സ്‌പെഷല്‍ സ്‌കൂള്‍ ഫിസിയോ തെറാപ്പി യൂനിറ്റ് എന്നിവയാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കരുണയുടെ താളത്തില്‍ ഹൃദയം തുടിക്കുന്ന, മനുഷ്യരുടെ വേദനകളില്‍ ഒപ്പംനടക്കുന്ന, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിരുകളില്ലാത്ത ഒരു കൂട്ടം ഡോക്ടര്‍മാരാണ് തണലിന്റെ പിന്നണിയിലുള്ളത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന തണല്‍ റീഹാബിലിറ്റേഷന്‍ സെന്ററിന്റെ കീഴിലാണ് കേരളത്തിനകത്തും പുറത്തുമുള്ള തണലിന്റെ മുഴുവന്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. സ്വപ്നങ്ങള്‍ ചിതറി എന്ത് ചെയ്യണമെന്ന് അറിയാതെ കണ്ണുനീരൊഴുക്കുന്ന സഹോദരങ്ങളുടെ കണ്ണീരൊപ്പാനായി തുടക്കം കുറിക്കുന്ന പെരുമാതുറയിലെ തണലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 29ന് തുടക്കമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."