ദേശീയപാത കുരുതിക്കളമാകുന്നു; കൈമലര്‍ത്തി അധികൃതര്‍
ഹരിപ്പാട്: ദേശീയപാതയില്‍ വാഹന അപകടങ്ങള്‍ തുടര്‍ക്കഥളായിട്ടും അപകടകാരണത്തിന് പരിഹാരം കാണാതെ ബന്ധപ്പെട്ടവര്‍ ഒഴിഞ്ഞുമാറുന്നതായി ആക്ഷേപം.
കരീലക്കുളങ്ങരമുതല്‍ തോട്ടപള്ളിവരെയുള്ള ദേശീയപാതയിലാണ് അപകടങ്ങള്‍ തുടര്‍ക്കഥകളാകുന്നത്. അപകടം മരണമാകുമ്പോഴാണ് പുറംലോകം അറിയുന്നതെന്നു മാത്രം. അപകടത്തില്‍പ്പെടുന്നവരെ രക്ഷാപെടുത്താനെത്തുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായമോ രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട ഉപകരണങ്ങളോ ലഭിക്കുന്നില്ല.
അശാസ്ത്രീയവും, അതോടൊപ്പം ഗുണനിലവാരമില്ലാത്ത റോഡും, കൊടുംവളവും മുഖ്യകാരണമാകുമ്പോള്‍ റോഡിലെ വഴിവിളക്കുകള്‍ പ്രകാശിക്കാത്തതും ദേശീയപതയോരത്തെ ചെറുകാടുകളും, സിഗ്‌നല്‍ ലൈറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതും മറ്റും അപകടത്തിന് കളമൊരുക്കുന്ന മറ്റ് ഘടകങ്ങളാണ്.
തോട്ടപ്പള്ളി, കൊട്ടാരവളവ്, വഴിയമ്പലം, കല്പകവാടി, കെ.വി ജെട്ടി, താമല്ലാക്കല്‍, മാധവജംഗ്ഷന്‍, ആശുപത്രിപ്പടി,നങ്ങ്യാര്‍കുളങ്ങര, ചേപ്പാട്, കരീലക്കുളങ്ങര എന്നിവിടങ്ങളിലാണ് അപകടങ്ങള്‍ കൂടുതലായി നടക്കുന്നത്. പ്രതിഫലം കൈപ്പറ്റാതെ അപകട ദുരന്ത ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ട്രോമാകെയര്‍ യൂനിറ്റുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നില്ല.
രക്ഷാപ്രവര്‍ത്തനത്തിന് ആളുണ്ടെങ്കിലും ഉപകരണങ്ങളില്ലാത്തതാണ് വെല്ലുവിളി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, എസ്.പി , ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ആര്‍.ടി.ഒ തുടങ്ങിയവരാണ് ട്രോമാ കെയര്‍ യൂനിറ്റുകളുടെ രക്ഷാധികാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."