ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച: പരിശോധിച്ചത് 12 ലക്ഷം ഫോണ്‍ വിളികള്‍
കണ്ണൂര്‍: താഴെചൊവ്വ ഉരുവച്ചാലില്‍ മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും അക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ പൊലിസ് പ്രതികളിലേക്കെത്തിയത് സൈബര്‍ അനാലിസിസിലൂടെ.
മൊബൈല്‍ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇതിനു മുന്‍പുണ്ടായിരുന്നെങ്കിലും കവര്‍ച്ച നടന്ന ദിവസവും സമീപ ദിവസങ്ങളിലുമായി കണ്ണൂര്‍ നഗരത്തിലെ 18 മൊബൈല്‍ ടവറുകളുടെ പരിധിയില്‍ വരുന്ന വിളികളാണു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചത്. അന്വേഷണ സംഘം 12 ലക്ഷത്തോളം ഫോണ്‍ വിളികളുടെ വിവരങ്ങള്‍ ഇതിനായി പരിശോധിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും ബംഗ്ലാദേശില്‍നിന്നും സമ്പാദിച്ച സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വിളികളുടെ വിവരങ്ങള്‍ ഇതില്‍ നിന്നു തെരഞ്ഞെടുത്ത് നിരീക്ഷിച്ചാണ് കേസന്വേഷണത്തിനു നിര്‍ണായക തുമ്പുണ്ടാക്കിയത്. സ്‌പെക്ട്രാ എന്ന ഉപകരണത്തിന്റെ സഹായത്തോടെ സൈബര്‍സെല്‍ നടത്തിയ നീക്കത്തിനൊടുവില്‍ കണ്ടുപിടിച്ച മൂന്നു നമ്പറുകളെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. എറണാകുളത്ത് നേരത്തെ നടന്ന സമാനരീതിയിലുള്ള കവര്‍ച്ചക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഈ നമ്പറുകളുമായി ബന്ധപ്പെട്ടതിന്റെ തെളിവ് കിട്ടിയതോടെയാണു ബംഗ്ലാദേശി സംഘത്തിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ഈ മൂന്നു നമ്പറുകളുള്ള ഫോണുകളും കവര്‍ച്ച നടക്കുന്നതിനു മുന്‍പ് രണ്ടു മണിക്കൂറോളം കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രവര്‍ത്തിച്ചതായും കണ്ടെത്തി. പിന്നീടു കവര്‍ച്ച നടന്ന വീട്ടിലും പരിസരത്തും മണിക്കൂറുകളോളം ഈ നമ്പറിലെ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തി. ഇതില്‍ പിടിയിലായ മുഖ്യപ്രതി ഉപയോഗിച്ച സിം കാര്‍ഡിനായി ഉപയോഗിച്ച വിലാസം ഡല്‍ഹിയിലാണെന്നു മനസിലായി. എന്നാല്‍ അന്വേഷണസംഘം ഡല്‍ഹിയിലെത്തി പരിശോധിച്ചപ്പോള്‍ വ്യാജ വിലാസത്തില്‍ സിം എടുത്തതാണെന്നു മനസിലാവുകയും ഈ നമ്പറില്‍ തുടര്‍ച്ചയായി എത്തിയ നമ്പറുകളെ പിന്തുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. ഈ നമ്പറുകളില്‍ നിന്നു കോര്‍പറേറ്റ് എന്ന വാക്കുകള്‍ ഇടയ്ക്കിടക്ക് കേട്ടിരുന്നു. തുടര്‍ന്ന് അന്വേഷണ സമയത്ത് ഇടക്ക് സിം ഉപയോഗിച്ചില്ലെങ്കിലും വാട്‌സ്ആപ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.
പിടിയിലായ ഹിലാല്‍ ഡല്‍ഹിയില്‍ മുന്‍പ് വാടകസാധനങ്ങള്‍ നല്‍കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അവിടെ നിന്നുള്ള വിവരവും ശേഖരിച്ചാണു ഡല്‍ഹിയില്‍ സീമാപുരിലേക്കു ഹിലാല്‍ എത്തുമെന്നു മനസിലായത്. അവിടെ നിന്നു ബംഗ്ലാദേശിലേക്കു തിരിച്ചുപോകാനുള്ള ശ്രമത്തിലാണു റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രതിയെ പിടികൂടിയത്. എ.എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണു സൈബര്‍ അനാലിസിസിനു നേതൃത്വം നല്‍കിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പ്രതികളെ തിരിച്ചറിഞ്ഞതോടെ ഡല്‍ഹിയിലെത്തിയ അന്വേഷണസംഘത്തിനു ഡല്‍ഹി പൊലിസിലെ മലയാളി കൂടിയായ രതീഷിന്റെയും ഇവിടെ വ്യവസായിയായ ഉത്തമന്റെയും സഹായവും ലഭിച്ചതായി അന്വേഷണസംഘത്തിലെ എ.എസ്.ഐ കെ. രാജീവന്‍ പറഞ്ഞു. ഡിവൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."