സ്ത്രീകള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ അപലപനീയം: മന്ത്രി ശൈലജ
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ അപലപിക്കപ്പെടേണ്ടതാണെന്ന് മന്ത്രി കെ.കെ ശൈലജ. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി സംസ്ഥാനത്ത് നടപ്പാക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അക്രമത്തിനിരയാകുന്നവര്‍ക്ക് കൗണ്‍സലിങ്, വൈദ്യസഹായം, പൊലിസ് സംരക്ഷണം, സുരക്ഷിത അഭയം, എന്നിവ ലഭ്യമാക്കുകയാണ് ഈ സെന്ററുകളുടെ പ്രവര്‍ത്തനോദ്ദേശ്യം. കേരളത്തില്‍ ആദ്യത്തെ സെന്റര്‍ തിരുവനന്തപുരത്താണ് പ്രവര്‍ത്തമനാരംഭിക്കുന്നത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, ജില്ലകളിലും മൂന്നു മാസത്തിനുള്ളില്‍ വണ്‍സ്റ്റോപ്പ് സെന്ററുകള്‍ ആരംഭിക്കും.
സാമൂഹികനീതി വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ മാനേജിങ് കമ്മിറ്റിയാണ് സെന്ററുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷനു സമീപമുള്ള ചെമ്പകനഗറിലെ നിര്‍ഭയ ബില്‍ഡിങിലാണ് സെന്റര്‍.
സ്ത്രീകള്‍ക്ക് നേരിട്ടോ മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍, പൊലിസ്, വനിതാ ഹെല്‍പ്പ്‌ലൈനുകള്‍ മുഖേനയോ ഏതു സമയത്തും അഭയം തേടാവുന്ന സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഫോണ്‍: 0471 232 4699.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."