ലക്കിടി-അടിവാരം റോപ് വേ: സ്ഥലമെടുപ്പ് നടപടി അന്തിമഘട്ടത്തില്‍
കല്‍പ്പറ്റ: ലക്കിടി-അടിവാരം റോപ് വേ പദ്ധതിക്കാവശ്യമായ സ്ഥലമെടുപ്പ് നടപടി അന്തിമഘട്ടത്തില്‍.
സ്ഥലമെടുപ്പിന് പ്രമാണങ്ങള്‍ തയാറായതായും ഭൂമി തരംമാറ്റുന്നതിനു സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്കു ആധാരം നടത്തുമെന്നും റോപ് വേ പദ്ധതി നടപ്പിലാക്കുന്ന വെസ്റ്റേണ്‍ഘട്ട് ഡവലപ്പ്‌മെന്റ് കമ്പനി ഡയരക്ടര്‍ മോഹന്‍ ചന്ദ്രഗിരി പറഞ്ഞു. റോപ് വേ അപ്പര്‍ ടെര്‍മിനലിനു ലക്കിടിയില്‍ കാപ്പിത്തോട്ടത്തിന്റെ ഭാഗമായ 1.62-ഉം ഏക്കറും ലോവര്‍ ടെര്‍മിനലിനു അടിവാരത്തു റബര്‍ ത്തോട്ടത്തിന്റെ ഭാഗമായ പത്തും എക്കര്‍ ഭൂമിയാണ് ആദ്യഘട്ടത്തില്‍ വാങ്ങുന്നത്. രണ്ടു രണ്ടു സ്ഥലങ്ങളും തരംമാറ്റുന്നതിനുള്ള നിയമ തടസമാണ് നീങ്ങേണ്ടത്.
വയനാടിന്റെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലായി മാറുന്നതാണ് 3670 മീറ്റര്‍ റോപ്‌വേ. 70 കോടി രൂപയാണ് പദ്ധതിക്കു കണക്കാക്കുന്ന ചെലവ്. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റേപ്‌വേയായിരിക്കും ഇത്. സ്ഥലങ്ങള്‍ തരംമാറ്റുന്നതിനുള്ള അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗതിയിലാണ്. താമരശേരി ചുരത്തില്‍ ഏകദേശം രണ്ട് ഹെക്ടര്‍ വനഭൂമിക്കു മുകളിലൂടെയാണ് റോപ്‌വേ കടന്നുപോകേണ്ടത്.
ഇതിന്റെ ഇരട്ടിസ്ഥലം വനത്തോടുചേര്‍ന്നു വാങ്ങി കൈമാറുകയും ഹെക്ടറിനു 9.5 ലക്ഷം രൂപ തോതില്‍ ഡവലപ്‌മെന്റ് ചാര്‍ജ് അടയ്ക്കുകയും ചെയ്യുന്ന മുറക്ക് പദ്ധതിക്ക് വനം മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 400 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് റോപ്‌വേ വിഭാവനം ചെയ്തിരിക്കുന്നത്. നിര്‍മാണത്തിന് ആവശ്യമായ മുഴുവന്‍ അനുമതികളും ലഭിച്ചാല്‍ പ്രവൃത്തി ഒന്നര വര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കാനാകും. 2021ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനാകുമെന്നാണ് കരുതുന്നതെന്നും ഡയറക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."