മിന്നല്‍ ഹര്‍ത്താലുകളോട് സഹകരിക്കില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി
കല്‍പ്പറ്റ: മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത്.
ഇത്തരം ഹര്‍ത്താലുകളോട് സഹകരിക്കില്ലെന്ന് സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍, ജനറല്‍ സെക്രട്ടറി ഒ.വി വര്‍ഗീസ്, ട്രഷറര്‍ ഇ. ഹൈദ്രു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്യുന്ന ദേശീയ പണിമുടക്കുകള്‍ കേരളത്തെ മാത്രമേ നിശ്ചലമാക്കുന്നുള്ളുവെന്നും പ്രളയ ദുരിതത്തിന്റെ സാഹചര്യത്തില്‍ ജനുവരിയില്‍ നടക്കാനിരിക്കുന്ന ദേശീയ പണിമുടക്കില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ദേശീയ പണിമുടക്കിലെ സംഘടനാ നിലപാട് ജനുവരി മൂന്നിന് തൃശൂരില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി-കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി അഞ്ചു വരെ ജില്ലയില്‍ സമര പ്രചാര വാഹന ജാഥയും ജനുവരി 16ന് കലക്ടറേറ്റ് മാര്‍ച്ചും നടത്തും. വ്യാപാരികളേയും വ്യവസായികളേയും പ്രതികൂലമായി ബാധിക്കുന്ന നിലവിലെ വാടക കുടിയാന്‍ നിയന്ത്രണ നിയമം കുടിയാന്മാര്‍ക്ക് സംരക്ഷണം നല്‍കി നടപ്പാക്കുക, പ്രളയ ബാധിതരായ വ്യാപാരികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, ചരക്ക് സേവന നികുതിയിലെ അപാകത പരിഹരിക്കുക, വര്‍ധിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് പിന്‍വലിക്കുക, വ്യാപാര ലൈസന്‍സുകള്‍ ഏകജാലക സംവിധാനത്തിലൂടെ നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജാഥയും കലക്ടറേറ്റ് മാര്‍ച്ചും നടത്തുന്നത്.
ജില്ലയുടെ വികസനത്തിന് ആവശ്യമായ ബദല്‍ പാതകളും ദേശീയ പാതകളിലെ രാത്രിയാത്രാ നിരോധനം, വയനാട് മെഡിക്കല്‍ കോളജ് നിര്‍മാണം, റെയില്‍വേ തുടങ്ങിയവ യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നടപടികളുണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
രാസവളങ്ങള്‍ക്ക് വര്‍ധിപ്പിച്ച അധിക വില കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, വ്യാപാരി ക്ഷേമനിധി അനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കാന്‍ നടപടിയെടുക്കുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."