പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം: എന്‍.സി.പി വിട്ടുനിന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ നിന്നു ശരത് പവാറും എന്‍.സി.പിയും വിട്ടു നിന്നു. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പവാറും പാര്‍ട്ടിയും വഞ്ചന കാട്ടി എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനു പിന്നാലെയാണ് എന്‍.സി.പി പ്രതിപക്ഷ യോഗത്തില്‍ നിന്നു വിട്ടു നിന്നത്. യോഗത്തില്‍ പ്രതിനിധിയെ അയക്കുമെന്ന് പവാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് എന്‍.സി.പി യോഗം ബഹിഷ്‌കരിക്കുകയാണെന്ന് പാര്‍ട്ടി നേതാവ് പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ തങ്ങളെ വിഷമിപ്പിച്ചെന്ന സന്ദേശമാണ് എന്‍.സി.പി നേതാക്കള്‍ പങ്കുവച്ചത്. അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യേണ്ടിയിരുന്ന രണ്ട് എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്നാണ് ആരോപണം.
ബി.ജെ.പിക്കെതിരേ പാര്‍ലമെന്റിന് അകത്തും പുറത്തും സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചാണ് ഇന്നത്തെ പ്രതിപക്ഷ യോഗത്തില്‍ ചര്‍ച്ച ചെയ്തത്. 27ന് പട്‌നയില്‍ നടക്കുന്ന ലാലു പ്രസാദ് യാദവിന്റെ മഹാറാലിയെ സംബന്ധിച്ച വിഷയങ്ങളും ചര്‍ച്ച ചെയ്തു. പ്രധാനമായും മോദി സര്‍ക്കാരിനെതിരേ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചായിരുന്നു ചര്‍ച്ച. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, സോണിയ ഗാന്ധി, ഗുലാം നബി ആസാദ്, എ.കെ ആന്റണി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."