റിട്ട. ഉദ്യോഗസ്ഥന്റെ ദുരൂഹ മരണം ബാലകൃഷ്ണന്റെ ബന്ധുക്കള്‍
തൃച്ഛംബരം പെട്രോള്‍പമ്പിനു സമീപത്തെ മയിലാടംപറമ്പ്, പൂക്കോത്ത് നട തൃച്ഛംബരം അമ്പലം റോഡിലെ ഉദയം വീട്, പരിയാരം അമ്മാനപ്പാറയിലെ 16 ഏക്കര്‍ സ്ഥലങ്ങളില്‍ നടന്ന അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കും
പയ്യന്നൂര്‍/തളിപ്പറമ്പ്: തൃച്ഛംബരത്തെ റിട്ട. ഉദ്യോഗസ്ഥനായ പി. ബാലകൃഷ്ണന്റെ സ്വത്ത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്ത കേസില്‍ അന്വേഷണം വഴിത്തിരിവില്‍. ബാലകൃഷ്ണന്റെ സഹോദരന്റെ പെണ്‍മക്കള്‍ പയ്യന്നൂരില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി മൊഴി നല്‍കി.
ബാലകൃഷ്ണന്റെ മൂത്ത ജ്യേഷ്ഠന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന കുഞ്ഞിരാമന്‍ നായരുടെ മൂത്ത മകള്‍ ചെന്നൈയില്‍ താമസിക്കുന്ന ബീനാ രഘു, സിംഗപ്പൂരില്‍ സൂര്യകൃഷ്ണമൂര്‍ത്തിയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന ചിത്രാ കൃഷ്ണകുമാര്‍ എന്നിവരാണ് ഇന്നലെ ഉച്ചയോടെ പയ്യന്നൂര്‍ സി.ഐ ഓഫിസിലെത്തിയത്.
1999ല്‍ അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അവസാനമായി ബാലകൃഷ്ണനെ തങ്ങള്‍ കണ്ടതെന്ന് ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇളയച്ഛനായ ബാലകൃഷ്ണന്‍ കല്ല്യാണം കഴിച്ചിട്ടില്ലെന്നും ഇപ്പോള്‍ കേസിലെ മൂന്നാം പ്രതിയായ കെ.വി ജാനകി സ്വത്തുവകകള്‍ കൈക്കലാക്കാനാണു വ്യാജരേഖകളുണ്ടാക്കി ബാലകൃഷ്ണന്റെ ഭാര്യയെന്നു പറഞ്ഞു വരുന്നതെന്നും ചിത്ര പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയില്‍ ഇത്രയും വലിയ കള്ളത്തരം ചെയ്തു സ്വത്തുക്കള്‍ മുഴുവന്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നു കേട്ടപ്പോള്‍ അതിയായ ഹൃദയവേദനയാണുണ്ടായതെന്നു ബീന പറഞ്ഞു. രണ്ടുപേരും തളിപ്പറമ്പിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെയും ആക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കണ്ടു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചു. പരിയാരം അമ്മാനപ്പാറയില്‍ അഡ്വ. ശൈലജ കൈവശപ്പെടുത്തിയ 16 ഏക്കര്‍ സ്ഥലം സന്ദര്‍ശിച്ചു.
ആക്ഷന്‍ കമ്മിറ്റിയുമായി സഹകരിക്കാനും കേസുമായി മുന്നോട്ടുപോകുവാനും ഇവര്‍ തീരുമാനിച്ചു. ആദ്യഘട്ടമായി തൃച്ഛംബരം പെട്രോള്‍പമ്പിനു സമീപത്തെ മയിലാടംപറമ്പ്, പൂക്കോത്ത് നട തൃച്ഛംബരം അമ്പലം റോഡിലെ ഉദയം വീട്, പരിയാരം അമ്മാനപ്പാറയിലെ സര്‍ജന്‍കെട്ട് എന്നറിയപ്പെടുന്ന 16 ഏക്കര്‍ സ്ഥലങ്ങളില്‍ നടന്ന അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കും. ഉടന്‍ തന്നെ ചെന്നൈയില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ വിളിച്ചുചേര്‍ത്തു യോഗം ചേരാനും കേസു നടത്തിപ്പിനായി തളിപ്പറമ്പില്‍ ഇവര്‍ക്കു സ്വീകാര്യനായ ഒരു വ്യക്തിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഇരുപതു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ തളിപ്പറമ്പിലെത്തിയത്. രണ്ടു ദിവസം ഇവിടെ തങ്ങി ബന്ധുക്കളെ കാണും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."