ഹജ്ജ് ക്യാംപ് ഉണര്‍ന്നു; സര്‍വസജ്ജരായി വളണ്ടിയര്‍മാര്‍
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപില്‍ ഇന്നലെ രാവിലെ മുതല്‍ വളണ്ടിയര്‍മാര്‍ എത്തിത്തുടങ്ങി. വൈകുന്നേരത്തോടെ മുഴുവന്‍ വളണ്ടിയര്‍മാരും എത്തിയതോടെ ക്യാംപ് സജീവമായി. തീര്‍ഥാടകര്‍ ഇന്നു മുതല്‍ എത്തിത്തുടങ്ങും. ക്യാംപില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ വളണ്ടിയര്‍മാരുടെ പ്രത്യേക യോഗം ഇന്നലെ വൈകിട്ട് ചേര്‍ന്ന് ചുമതലകളെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കി.
492 വളണ്ടിയര്‍മാരെയാണ് ഹജ്ജ് കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 100 പേര് ആലുവ റെയില്‍വെ സ്റ്റേഷനില്‍ സേവനം അനുഷ്ടിക്കും. ക്യാംപില്‍ സേവനം ചെയ്യുന്ന 392 പേരില്‍ 150 പേര് വനിതകളാണ്.
സ്ത്രീ തീര്‍ഥാടകരുടെ സഹായത്തിനായാണ് ഇവരുടെ സേവനം. വിവിധ വിഭാഗങ്ങളായി തിരിച്ചാണ് വളണ്ടിയര്‍മാരുടെ ചുമതലകള്‍ ക്രമീകരിച്ചിരിക്കുന്നത്. തീര്‍ഥാടകര്‍ ക്യാംപില്‍ എത്തിയാല്‍ പിറ്റേന്ന് വിമാനത്തവളത്തിലേക്ക് യാത്രയാകുന്നത് വരെ വളണ്ടിയര്‍മാര്‍ സേവനത്തിനുണ്ടാകും.
വളണ്ടിയര്‍ മീറ്റില്‍ ഹജ്ജ് കമ്മിറ്റി അംഗം എ.കെ അബ്ദുള്‍ റഹ്മാന് അധ്യക്ഷനായിരുന്നു. ക്യാംപ് ഓഫീസര്‍ യു. അബ്ദുള്‍ കരീം ചുമതലകള്‍ വിശദീകരിച്ചു.
ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി.കെ.അബ്ദുള്‍ റഹ് മാന്‍, ഹജ്ജ് സെല്‍ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഷെരീഫ് മണിയാട്ടുകുടി, മുഹമ്മദ് ചായിന്റടി, കോഓര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന്, ഇസ്മായില്‍ താനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."