റിസോര്‍ട്ടിലെ കൊലപാതകം: പ്രതികള്‍ റിമാന്‍ഡില്‍
കല്‍പ്പറ്റ: മണിയങ്കോട് ഓടമ്പത്ത് വിസ്പറിങ് വുഡ്സ് റിസോര്‍ട്ട് നടത്തിപ്പുകാരന് നെബു എന്ന വിന്‍സന്റ് സാമുവല്‍ കുത്തേറ്റുമരിച്ച കേസിലെ രണ്ടു പ്രതികളും റിമാന്‍ഡില്‍.
തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നലെ വൈകിട്ടോടെയാണ് പ്രതികളായ മീനങ്ങാടി കാവുങ്ങല്‍ രാജു, കൊളഗപ്പാറ ആവയല്‍ കല്ലുവെട്ടത്ത് കെ.ആര് അനില്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കിയത്. കേസിലെ രണ്ടാം പ്രതിയായ അനിലിനെ ഇന്നലെ റിസോര്‍ട്ടില്‍ എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
ഉച്ചക്ക് പന്ത്രണ്ടോടെയാണ് കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രതിയെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകം നടന്ന ദിവസം സംഭവിച്ച കാര്യങ്ങള്‍ അനില്‍ പൊലിസിന് മുന്നില്‍ വിശദീകരിച്ചു. റിസോര്‍ട്ടില്‍ എത്തിയ താനും ഒന്നാം പ്രതിയായ രാജുവും ആദ്യം റിസോര്‍ട്ടും പരിസരവും നിരീക്ഷിക്കുകയും തുടര്‍ന്ന് കാപ്പിത്തോട്ടത്തിലൂടെ വിന്‍സന്റ് സാമുവല്‍ ഇരിക്കുന്ന ഹട്ടിന് മുന്‍പിലെത്തുകയുമായിരുന്നു.
തുടര്‍ന്ന് രാജുവും വിന്‍സന്റ് സാമുവലും രൂക്ഷമായ വാക്ക് തര്‍ക്കമായി. ഇരുവരും സംഘട്ടനത്തില്‍ ഏര്‍പെട്ടതോടെ താന്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചു.
ഇതിനിടയിലാണ് രാജു വിന്‍സന്റിനെ കുത്തിയത്. പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് തനിക്കും കുത്തേറ്റതെന്നും അനില്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ രണ്ട് പേരും ചേര്‍ന്നാണ് കൊല നടത്തിയതെന്നായിരുന്നു രാജുവിന്റെ മൊഴി. ഒന്നാം പ്രതി രാജുവിന്റെ തെളിവെടുപ്പ് ശനിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. പ്രതി അനിലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ പ്രദേശവാസികള്‍ അടക്കം നിരവധി പേരാണ് റിസോര്‍ട്ട് പരിസരത്ത് എത്തിയത്. രാജുവിന്റെ ഭാര്യയേയും പൊലിസ് റിസോര്‍ട്ടില്‍ എത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."