ആര്‍ക്കും അപേക്ഷിക്കാനാവാത്ത തരത്തില്‍ എല്‍.എസ്.എസ് വിജ്ഞാപനം
മലപ്പുറം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന എല്‍.എസ്.എസ്്, യു.എസ്.എസ് പരീക്ഷാ വിജ്ഞാപനത്തില്‍ ആര്‍ക്കും അപേക്ഷിക്കാനാവാത്ത തരത്തില്‍ അബദ്ധങ്ങള്‍. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പൊതുപരീക്ഷാ വിഭാഗം പുറത്തിറക്കിയ വിജ്ഞാപനമാണ് ഒരുകുട്ടിക്കുപോലും എഴുതാന്‍ ആവാത്ത വിതം അബദ്ധമായത്.
വിഷയം ബോധ്യപ്പെട്ടതോടെ തെറ്റുതിരുത്തി പുതിയ വിജ്ഞാപനവും പുറത്തിറക്കി. ഈ അക്കാദമിക വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടത്താനായിരുന്നു തീരുമാനം. ഇതിനായി തിയതി ഒഴികെയുള്ള മുഴുവന്‍ മാനദണ്ഡങ്ങളും കഴിഞ്ഞ വര്‍ഷത്തെ വിജ്ഞാപനം അതേപടി കോപ്പിയടിച്ചതാണ് വിജ്ഞാപനത്തില്‍ ഭീമന്‍ അബദ്ധം വരാന്‍ കാരണമായത്.
പ്രളയം കാരണം സംസ്ഥാനത്ത് എവിടെയും ഒന്നാം പാദവാര്‍ഷിക നടന്നിരുന്നില്ല. എന്നാല്‍ എല്‍.എസ്. എസ് പരീക്ഷ എഴുതാന്‍ പൊതുവിദ്യാലയങ്ങളില്‍ നാലാം ക്ലാസില്‍ പഠിക്കുന്നവരും ഒന്നാം ടേം പരീക്ഷയില്‍ മലയാളം, ഇംഗ്ലിഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങളില്‍ എ ഗ്രേഡ് നേടണമെന്നും പറഞ്ഞിരുന്നു. ഒന്നാം ടേം പരീക്ഷ നടക്കാത്ത സംസ്ഥാനത്തെ കുട്ടികള്‍ എങ്ങിനെ അപേക്ഷിക്കുമെന്നറിയിച്ച് അധ്യാപകരും സംഘടനാനേതാക്കളും രംഗത്തുവന്നതോടെയാണ് വിദ്യാഭ്യാസ വകുപ്പിന് അബദ്ധം മനസിലായത്.
എ ഗ്രേഡ് കിട്ടാത്ത കുട്ടികള്‍, ഒരു വിഷയത്തിന് ബി ഗ്രേഡായാല്‍ ഉപജില്ലാ കലാ കായിക, പ്രവൃത്തിപരിചയത്തില്‍ എ ഗ്രേഡ് മതിയെന്നാണ് വിജ്ഞാപനത്തിലെ രണ്ടാം വാചകം. എല്‍.പി തലത്തില്‍ ഈ മേളകളും ഈ വര്‍ഷം നടന്നില്ലെന്നുകൂടിയായപ്പോള്‍ ഈ നോട്ടിഫിക്കേഷന്‍ പ്രകാരം ആരും പരീക്ഷ എഴുതാന്‍ അര്‍ഹരല്ലെന്നു വന്നു. അബദ്ധം മനസിലാക്കിയ വിദ്യാഭ്യാസ വകുപ്പ് ഒന്നാം ടേം പരീക്ഷ എന്നത് രണ്ടാം ടേം ആക്കിയും കലോത്സവത്തിന്റെ കാര്യങ്ങള്‍ വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയുമാണ് തിരുത്തല്‍ വരുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് വിജ്ഞാപനം അതേപടി പകര്‍ത്തിയതാണ് തെറ്റുവരാന്‍ കാരണം. ഈ വര്‍ഷം നടന്ന പത്താംക്ലാസ് സമൂഹ്യശാസ്ത്രം, എട്ടാംക്ലാസ് മലയാളം തുടങ്ങിയ ചോദ്യപേപ്പറുകളിലും അശ്രദ്ധ കാരണമുള്ള അബദ്ധങ്ങള്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."