കനകദുര്‍ഗ വിപ്ലവ കമ്യൂണിസ്റ്റ്; വീട്ടില്‍ നിന്നും പോയത് തിരുവനന്തപുരത്ത് മീറ്റിങ് എന്ന് പറഞ്ഞ്
#എന്‍.സി ഷെരീഫ് കിഴിശ്ശേരി
അരീക്കോട് (മലപ്പുറം): ശബരിമല ദര്‍ശനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ കനകദുര്‍ഗ കമ്യൂണിസ്റ്റ് പോരാളി.വീട്ടുകാർ ആചാര അനുഷ്ടാനങ്ങള്‍ക്ക് പരിഗണന നല്‍കുന്നവരാണെങ്കിലും കനകദുർഗ ചെറുപ്പം മുതല്‍ ഇടതുസഹചാരിയാണ് . മലപ്പുറം അരീക്കോട് കൊഴക്കോട്ടൂര്‍ പ്രദേശത്താണ് ദുര്‍ഗയുടെ തറവാട് വീട്. ഇവിടെ നിന്ന് പന്ത്രണ്ട് വര്‍ഷം മുമ്പാണ് അങ്ങാടിപ്പുറം സ്വദേശി കൃഷ്ണനുണ്ണി വിവാഹം ചെയ്തത്. ആനമങ്ങാട് സിവില്‍ സപ്ലൈസ് വകുപ്പ് ഓഫീസ് മാനേജറായ കനകദുര്‍ഗ തിരുവനന്തപുരത്ത് മീറ്റിങ് ഉണ്ടെന്ന് പറഞ്ഞ് ശനിയാഴ്ചയാണ് പോയതെന്ന് സഹോദരന്‍ പൂത്തൊടിക ഭരതന്‍ സുപ്രഭാതത്തോട് പറഞ്ഞു. പലപ്പോഴും ഇടത് സംഘടനകളുടെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെ പരിപാടികള്‍ക്ക് പോകാറുള്ളതിനാല്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി വിശ്വസിക്കുകയും ചെയ്തു.
ഉണ്ണികൃഷ്ണന്റെ വീട്ടുകാരും കനകയുടെ വീട്ടുകാരും തികഞ്ഞ ഈശ്വര വിശ്വാസികളാണ്. ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് കനകദുര്‍ഗ ആചാര ലംഘനത്തിന് പുറപ്പെട്ടതെന്ന് സഹോദരന്‍ ഭരതന്‍ പറഞ്ഞു. പോകുന്നതിന് മുമ്പ് വിദ്യാര്‍ഥികളായ രണ്ട് കുട്ടികളെയും ഇരുമ്പുഴിയിലെ സഹോദരിയുടെ വീട്ടിലാക്കി.
കനകദുര്‍ഗ ചെറുപ്പം മുതല്‍ ഇടതുസംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കല്‍ പതിവായിരുന്നു. ഇതും അത്തരത്തിലുള്ള ഒരു ശ്രമത്തിന്റെ ഭാഗമായാണ് വീട്ടുകാര്‍ കരുതുന്നത്. ആചാര ലംഘനത്തോട് യോജിക്കുന്നില്ലെന്നും മാധ്യമങ്ങളെ കണ്ട് കുടുംബത്തിന്റെ ഭാഗം വിശദീകരിക്കുമെന്നും ഭരതന്‍ പറഞ്ഞു. പുകസയിലും പെരിന്തല്‍മണ്ണ വള്ളുവനാടന്‍ സാംസ്‌കാരിക വേദിയിലും കനകദുര്‍ഗ ഭാരവാഹിത്വം ഉണ്ടെന്നും വിവരമുണ്ട്.
ശബരിമല ദര്‍ശനത്തിനെത്തിയ കനകദുര്‍ഗയെയും കോഴിക്കോട് സ്വദേശി ബിന്ദുവിനെയും തിരിച്ചിറക്കാന്‍ ശ്രമിച്ചെങ്കിലും ബിന്ദു തിരിച്ചിറങ്ങാന്‍ തയ്യാറായില്ല. എന്നാല്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസ് യുവതികളുമായി പമ്പയിലേക്ക് തിരിച്ചിറങ്ങി. ക്രമസമാധാന പ്രശ്‌നമുള്ളതു കൊണ്ട് യുവതികളുമായി തിരിച്ചിറങ്ങുന്നുവെന്നാണ് പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്.
സന്നിധാനത്തിന് ഏതാണ്ട് മുക്കാല്‍ കിലോമീറ്റര്‍ അകലെ ചന്ദ്രാനന്ദന്‍ റോഡില്‍ വച്ചാണ് യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞത്. രാവിലെ പൊലീസിനെ അറിയിക്കാതെയായിരുന്നു യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയായിരുന്നു. മരക്കൂട്ടംവരെയുള്ള പ്രതിഷേധക്കാരെ നീക്കിയ പൊലീസ് ചന്ദ്രാനന്ദന്‍ റോഡിലെത്തിയപ്പോള്‍ കൂടുതല്‍ പ്രതിഷേധക്കാരെത്തി യുവതികളെ തടയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."