പാര്‍ക്ക് വിവാദം കനക്കുന്നു
മലപ്പുറം: വിവാദ പാര്‍ക്ക് വിഷയം നിയമസഭയില്‍ ചര്‍ച്ചയായതോടെ നിലമ്പൂര്‍ പോര് വീണ്ടും അരങ്ങത്ത്. ആര്യാടന്‍ കുടുംബവും പി.വി അന്‍വര്‍ എം.എല്‍.എയുമായുള്ള നിഴല്‍യുദ്ധമാണ് പോരാട്ടത്തിലേക്കു നീങ്ങുന്നത്. ആര്യാടന്‍ മുഹമ്മദും ബിനാമികളും ചേര്‍ന്നു തനിക്കെതിരേ ദുഷ്പ്രചാരണവും വ്യക്തിഹത്യയും നടത്തുകയാണെന്ന നിയമസഭയിലെ പ്രസ്താവന ഇന്നലെ മലപ്പുറത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലും പി.വി അന്‍വര്‍ എം.എല്‍.എ ആവര്‍ത്തിച്ചു.
മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ കക്കാടംപൊയിലിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ നിയമലംഘനമില്ലെന്നു പറഞ്ഞ അദ്ദേഹം പാര്‍ക്ക് നിര്‍മിക്കുന്നതു പരിസ്ഥിതിലോല പ്രദേശത്തല്ലെന്നും പറഞ്ഞു. മുന്‍കൂട്ടി അനുവാദം വാങ്ങാതെ നിര്‍മാണം തുടങ്ങിയതു തന്റെ വീഴ്ചയാണ്. എന്നാല്‍, ഇപ്പോള്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അംഗീകാരത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ക്കു മുന്നില്‍ തേങ്ങിക്കരഞ്ഞാണ് ഒരു മണിക്കൂറിലധികം നീണ്ട വാര്‍ത്ത സമ്മേളനത്തില്‍ എം.എല്‍.എ സംസാരിച്ചത്.
എന്നാല്‍, പാര്‍ക്കിനു പല ലൈസന്‍സുകളും സമ്പാദിച്ചത് എല്‍.ഡി.എഫ് ഭരണകാലത്താണെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അന്‍വര്‍ പാര്‍ക്ക് തുടങ്ങുന്നതില്‍ എതിര്‍പ്പില്ലെന്നു പറഞ്ഞ ആര്യാടന്‍, ആര്‍ക്കും എന്തു ബിസിനസും തുടങ്ങാമെന്നും എന്നാല്‍ അതു നിയമപ്രകാരമാണെന്ന് ഉറപ്പുവരുത്തണമെന്നും പറഞ്ഞു. നിലമ്പൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ശ്രമമാണ് വിവാദത്തിനു പിന്നിലെന്ന ആരോപണം അടിസ്ഥാനവിരുദ്ധമാണെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എയുടെ കാറിനുനേരെ കെ.എസ്.യു കൈയേറ്റം
മലപ്പുറം: പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാഹനത്തിനു നേരെ കെ.എസ്.യു പ്രവര്‍ത്തകരുടെ കൈയേറ്റം. പ്രസ്‌ക്ലബിനു പുറത്തു നിര്‍ത്തിയിട്ട കാറിനുമേല്‍ കല്ലുകൊണ്ട് അടിക്കുകയും എം.എല്‍.എയ്‌ക്കെതിരെ സ്റ്റിക്കര്‍ പതിക്കുകയും കരിങ്കൊടി കെട്ടുകയും ചെയ്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകര്‍ തടഞ്ഞു. എം.എല്‍.എയുടെ കാറിന്റെ ഡ്രൈവറെ മര്‍ദിച്ചതായും സൂചനയുണ്ട്. വിവരമറിഞ്ഞു പൊലിസ് എത്തിയതോടെയാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. അക്രമം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. കൈയേറ്റം ന്യായീകരിക്കാനാകില്ലെന്നും ഇക്കാര്യം കെ.എസ്.യു പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തതായും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."