ആധാരമെഴുത്ത് ഓഫിസില്‍ കയറിയാല്‍ വഴിയാധാരം
കണ്ണൂര്‍: സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് കുത്തനെ കൂട്ടിയതിനോടൊപ്പം ഇരുട്ടടിയായി ആധാരമെഴുത്തു ഓഫിസുകളിലെ പിടിച്ചുപറിയും. റവന്യൂ വകുപ്പില്‍ കംപ്യൂട്ടര്‍വത്ക്കരണം നടപ്പാക്കിയതിന്റെ മറപിടിച്ചാണ് ആധാരമെഴുത്ത് ഓഫിസുകളിലെ തീവെട്ടിക്കൊള്ള. സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്നു ലഭിക്കുന്ന കുടിക്കടം സര്‍ട്ടിഫിക്കറ്റിന് 15 വര്‍ഷത്തേക്ക് 260 രൂപയാണ് വാങ്ങുന്നത്. എന്നാല്‍ ഇതിന്റെ ഫോറത്തിനും എഴുത്തുകൂലിക്കുമായി 100 രൂപയാണ് ആധാരമെഴുത്തുകാര്‍ വാങ്ങുന്നത്. വെറും പത്തുമിനുട്ട് ജോലിക്കാണ് ഈ തുക. വെറും പ്രിന്റെടുക്കുന്നതിനായി 30 രൂപയാണ് അക്ഷയ സെന്ററുകള്‍ വാങ്ങുന്നത്. ഒരു പ്രിന്റിന് സാധാരണയായി രണ്ടു രൂപയാണ് ഈടാക്കേണ്ടത്. എന്നാല്‍ വാങ്ങുന്നത് പത്തുരൂപയും.
സബ്‌രജിസ്ട്രാര്‍ ഓഫിസുകളില്‍ നേരത്തെ അപേക്ഷാഫോറം വഴി കുടിക്കടം ലഭിക്കണമെങ്കില്‍ ഫോറത്തിനടക്കം 30 രൂപ മാത്രമേ ചെലവുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ നിര്‍ബന്ധമാക്കിയെങ്കിലും അപേക്ഷാഫോറം പൂരിപ്പിച്ച് സബ് രജിസ്ട്രാര്‍ ഓഫിസില്‍ സമര്‍പ്പിക്കണം.
തെരച്ചില്‍ കഴിഞ്ഞു കുടിക്കടം സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ ലഭിക്കുമെന്നുമാത്രം. ഇതിനാണ് ഇത്രയും ഭീമമായ തുക വാങ്ങുന്നത്. ബാങ്കുകളില്‍ നിന്നു വായ്പയെടുക്കാന്‍ ഗഹാന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അപേക്ഷാഫോറം എഴുതിയാല്‍ 150 രൂപയാണ് ഈടാക്കുന്നത്. വീടെടുക്കാനും വിവാഹംപോലുള്ള അടിയന്തിരാവശ്യങ്ങള്‍ക്കുമാണ് മിക്കവരും വായ്പയെടുക്കുന്നത്. കിട്ടിയ അവസരത്തില്‍ ഈ പാവങ്ങളെ ഞെക്കിപ്പിഴിയുകയാണ് ആധാരമെഴുത്തുകാര്‍. ആധാരവും ഫോറങ്ങളിലും അപേക്ഷകര്‍ക്കു തന്നെ പൂരിപ്പിക്കാനുള്ള അനുമതി രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത്തരം അപേക്ഷകള്‍ തിരസ്‌കരിക്കാന്‍ മത്സരിക്കുകയാണ് ജീവനക്കാര്‍. ഇതുകാരണം ഇടതുസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജനാശ്വാസ നടപടി തുടക്കത്തിലേ പാളി. മിക്ക രജിസ്ട്രാര്‍ ഓഫിസുകളും ഭരിക്കുന്നത് ആധാരമെഴുത്തു ഓഫിസുകളിലെ താപ്പാനകളാണ്. ഇവരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയില്‍ കഴുത്തൊടിയുന്നത് സാധാരണക്കാരുടേതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."