സ്വപ്‌നങ്ങള്‍ക്ക് വേഗതകൂട്ടി അഴീക്കല്‍
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ വികസനത്തിനായി പ്രത്യേക കമ്പനി രൂപീകരിക്കാനുള്ള ഉന്നതതല തീരുമാനം ജില്ലയുടെ വികസന രംഗത്ത് വീണ്ടും മുതല്‍കൂട്ടാവും. കണ്ണൂര്‍ വിമാനത്താവളത്തിനു പിന്നാലെ തുറമുഖവും എത്തുന്നതോടെ ജില്ലയുടെ വികസനത്തിനു പുതിയമുഖം ലഭിക്കും.
ഭാവിയിലേക്കുള്ള സാധ്യതകള്‍ കൂടി പരിഗണിച്ച് സമഗ്ര പദ്ധതിയാണ് അഴീക്കലില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നേരത്തെ തുറമുഖം അധികൃതര്‍ അറിയിച്ചിരുന്നു. ഇത് മുന്‍കൂട്ടി കണ്ടാകും പുതുതായി രൂപം നല്‍കുന്ന കമ്പനിയുടെ പ്രവര്‍ത്തനം. നിലവില്‍ സീറോ ഫേസ് വികസന പ്രവര്‍ത്തനങ്ങള്‍ അഴീക്കലില്‍ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ കപ്പലുകള്‍ക്ക് വരെ വരാവുന്ന രീതിയില്‍ തുറമുഖത്തിന്റെ ആഴം കൂട്ടുന്നതുള്‍പ്പെടെയുള്ള പ്ലാനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ കടലിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ രണ്ടുവീതം വാര്‍ഫുകള്‍ കൂടി നിര്‍മിക്കാനാണ് പദ്ധതി.
ശാസ്ത്രീയ പഠനം നടത്തി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ കിഫ്ബിക്ക് സമര്‍പ്പിക്കും. കസ്റ്റംസ് സൗകര്യങ്ങളൊരുക്കുന്നതിന് ഇലക്‌ട്രോണിക് ഡാറ്റ ഇന്റര്‍ഫെയ്‌സ് സ്ഥാപിക്കാനുള്ള നടപടികളും നേരത്തെ ആരംഭിച്ചിരുന്നു. തുറമുഖത്തെത്തുന്ന ചരക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള വെയര്‍ഹൗസിന്റെ നിര്‍മാണവും ആരംഭിക്കേണ്ടതുണ്ട്. 100 കോടിരൂപ അംഗീകൃത മൂലധനമുളള കമ്പനി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. തുറമുഖവികനത്തിന് ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റിനെ കണ്ടെത്താനും ഇന്നലെ നടന്ന യോഗത്തില്‍ തീരുമാനമായി.
ആദ്യഘട്ട വികസനം 2020 ജൂണില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. രണ്ടാംഘട്ടം 2021 ജൂണില്‍ തീരും. തുറമുഖത്തേക്ക് വളപട്ടണം പുഴയുടെ ഓരത്തുകൂടി റോഡ് നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്. തുറമുഖ വികസനം മുന്നില്‍കണ്ട് വ്യവസായങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരാന്‍ കെ.എസ്.ഐ.ഡി.സി ശ്രമിക്കും. മൊത്തം വികസന പദ്ധതികള്‍ക്ക് 2000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."