പഴവര്‍ഗങ്ങള്‍ക്കു പൊള്ളുന്ന വില; ഓണാഘോഷങ്ങള്‍ക്കു മങ്ങലേല്‍ക്കും
കുന്നുംകൈ: പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെയും പഴവര്‍ഗങ്ങളുടെയും വില ക്രമാതീതമായി ഉയരുന്നതു കാരണം ഓണാഘോഷങ്ങള്‍ക്കു മങ്ങലേല്‍ക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം സപ്ലൈകോയുടെ ഓണം-ബക്രീദ് മാര്‍ക്കറ്റുകള്‍ തുറന്നാല്‍ മതിയെന്ന തീരുമാനം നിലവിലുള്ള സാഹചര്യത്തില്‍ വിപണിവില പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമാകില്ലെന്നാണു വിലയിരുത്തല്‍. ഈവര്‍ഷം ജി.എസ്.ടിയുടെ പേരിലാണ് വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്.
ജി.എസ്.ടി നടപ്പാക്കുമ്പോള്‍ അരിവില കൂടില്ലെന്നു മൊത്തവ്യാപാരികള്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പായ്ക്കറ്റിലെ അരിക്കു കിലോഗ്രാമിനു രണ്ടുരൂപ വരെയാണു വര്‍ധനയുണ്ടായിരിക്കുന്നത്. വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകുന്നില്ല. സിവില്‍ സപ്ലൈസിന്റെ ഓണവിപണി ആരംഭിച്ചിട്ടുണ്ടെങ്കിലും സബ്‌സിഡി സാധനങ്ങളുടെ വിതരണത്തിനു നിയന്ത്രണമുണ്ട്.സബ്‌സിഡി അരിക്കു പുറമെ സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന മാവേലി സ്റ്റോറിലെ കുത്തരിക്കും വെള്ള അരിക്കും കിലോഗ്രാമിന് ആറുരൂപ വരെയാണു വില ഉയര്‍ത്തിയത്. ഇതിനു പുറമെ സപ്ലെകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാകട്ടെ സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങള്‍ പലതും ലഭ്യമല്ല.
പഴ വര്‍ഗങ്ങള്‍ക്ക് ഓണം നാളുകളില്‍ വന്‍വില നല്‍കേണ്ടിവരും. കിലോഗ്രാമിനു 70 മുതല്‍ 80 രൂപ വരെ ഇപ്പോള്‍ വിലയുള്ള ഏത്തക്കായ ഓണത്തിന് 100 രൂപ വരെയെത്തുമെന്നാണു കച്ചവടക്കാരുടെ അഭിപ്രായം. വ്യാപാരികള്‍ക്കു തോന്നിയ രീതിയിലാണു വിലകള്‍ നിശ്ചയിക്കുന്നതെന്നും ആരോപണമുണ്ട്.
പച്ചക്കറി വിപണിയില്‍ ഹോര്‍ട്ടികോര്‍പറേഷന്റെ ഇടപെടല്‍ പണ്ടരാജയമാണ്. നഗരങ്ങളില്‍ മാത്രമാണ് ഇവര്‍ക്കു വില്‍പനശാലകളുള്ളത്. അരിയുടേയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഴയ വില പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."