സി.പി.എം സംഘ്പരിവാറിന് ചൂട്ടുപിടിക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മലപ്പുറം: മതനിരപേക്ഷതയ്‌ക്കൊപ്പമാണ് തങ്ങളെന്നു കൊട്ടിഘോഷിക്കുന്ന സി.പി.എം പ്രവര്‍ത്തികൊണ്ടു സംഘ്പരിവാറിനു ചൂട്ടുപിടിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നു മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പൊലിസ്-സംഘ്പരിവാര്‍ കൂട്ടുകെട്ടിനെതിരേ മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തു മുസ്‌ലിംലീഗ് സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ്പരിവാര്‍ ശക്തികള്‍ ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിച്ചാലും മതപ്രബോധകരെ തെരുവില്‍ നേരിട്ടാലും ഇവര്‍ക്കെതിരേ നടപടിയെക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറാകുന്നില്ല. നിസ്വാര്‍ഥമായി നാടിന്റെ നന്മയിലൂന്നി മതപ്രബോധനം നടത്തുന്നവരെ ജാമ്യമില്ലാ കേസുകളില്‍ ജയിലടക്കുന്ന നിലപാടുകള്‍ കണ്ടില്ലെന്നു നടിക്കാനാകില്ല. തീവ്രവാദത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കിയതില്‍ കേരളത്തിലുള്ള മതസംഘടനകളുടെ പങ്ക് വലുതാണെന്നും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ മുസ്‌ലിംലീഗ് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി മറയാക്കി ശരീഅത്തില്‍ ഇടപെടാന്‍ സംഘ്പരിവാര്‍ ശക്തികള്‍ നീക്കം നടത്തുകയാണ്. ഇതു വേഗത്തില്‍ സാധിക്കുമെന്നു വ്യാമോഹിക്കേണ്ടേന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 29 നു മുസ്‌ലിംലീഗ് ദേശീയ കമ്മിറ്റി മലപ്പുറത്തു യോഗം ചേരും.
കെ.എന്‍.എ ഖാദര്‍ അധ്യക്ഷനായി. എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, അഡ്വ. എം. ഉമ്മര്‍, സി. മമ്മൂട്ടി, മഞ്ഞളാംകുഴി അലി, പി. ഉബൈദുല്ല, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹീം എന്നിവരും കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി, സലീം കുരുവമ്പലം, അഷ്‌റഫ് കോക്കൂര്‍, മുഹമ്മദുണ്ണി ഹാജി, എം.എ ഖാദര്‍, പി.വി മുഹമ്മദ് അരീക്കോട്, വണ്ടൂര്‍ ഹൈദരലി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഹബീബ് ജഹാന്‍, ഡോ. സി.എം സാബിര്‍ നവാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."