ലൈഫ് ഭവനപദ്ധതി സമയപരിധി നീട്ടണം
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'ലൈഫ് ' പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് സംബന്ധിച്ചു പരാതി നല്‍കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടണമെന്നു സി. മമ്മുട്ടി എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ 16 വരെയാണ് പരാതി നല്‍കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുള്ളത്. ഇതില്‍ എട്ടു ദിവസം വിവിധ അവധികളാണ്. നവംബറിനകം ജില്ലയിലെ എല്ലാ അങ്കണവാടികളുടെയും വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദേശിച്ചു.
'ഭൂമി കൈയേറ്റത്തിന് ഉദ്യോഗസ്ഥര്‍ കൂട്ട് '
സര്‍ക്കാര്‍ ഭൂമി കൈയേറുന്നതിനു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍തന്നെയാണ് കൂട്ടുനില്‍ക്കുന്നതെന്നു ടി.വി. ഇബ്രാഹീം എം.എല്‍.എ പറഞ്ഞു.
വാഴയൂര്‍ പഞ്ചായത്തില്‍ ആറേക്കര്‍ ഭൂമി ഒരു വ്യക്തി കൈയേറിയത് ഒഴിപ്പിക്കാന്‍ കോടതി വിധിയുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നും കൈയേറ്റക്കാരനു വീണ്ടും കോടതിയെ സമീപിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ചെയ്തതെന്നും എം.എല്‍.എ പറഞ്ഞു.
പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തി റോഡ് കൈയേറി മതില്‍ കെട്ടിയെന്ന പരാതിയില്‍ കൈയേറ്റമില്ലെന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി റിപ്പോര്‍ട്ട് നല്‍കിയതിനെയും എം.എല്‍.എ വിമര്‍ശിച്ചു.
സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കണം
'സ്വാശ്രയ ഗ്രാമം' പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്.സി കോളനിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത സിഡ്‌കോ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളെ നിര്‍മാണ പ്രവൃത്തികളില്‍നിന്ന് ഒഴിവാക്കണമെന്നു പി. ഉബൈദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. കോട്ടപ്പടി ബൈപാസ് 14.5 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കാനും പബ്ലിക് ഹെല്‍ത്ത് ലാബ് ഉപകരണങ്ങള്‍ സ്ഥാപിച്ചു രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനും എം.എല്‍.എ നിര്‍ദേശം നല്‍കി.
ആരോഗ്യവകുപ്പിന്
വിമര്‍ശനം
രണ്ട് ആബുലന്‍സ് വാങ്ങുന്നതിന് എം.പി ഫണ്ടില്‍ നിന്ന് 35 ലക്ഷം രൂപ അനുവദിച്ചിട്ടും എല്ലാ അനുമതികളും ലഭിച്ചു നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടും ആബുലന്‍സ് വാങ്ങാത്ത ആരോഗ്യ വകുപ്പിന്റെ നടപടിയെ പി.വി അബ്ദുല്‍ വഹാബ് എം.പി വിമര്‍ശിച്ചു.
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്യാന്‍ കാലതാമസം
ജില്ലയില്‍ അധ്യാപക തസ്തികളിലേതുള്‍പ്പെടെയുള്ള ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി സി. മമ്മുട്ടി എം.എല്‍.എ പറഞ്ഞു. പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍വരെ മുന്നൂറിലധികം അധ്യാപക തസ്തികകളിലേക്കു നിയമനം നടത്തിയിട്ടില്ലെന്നു ഡി.ഡി.ഇ ഇന്‍ചാര്‍ജ് വികസന സമിതിയെ അറിയിച്ചു.എ.ഡി.എം ടി. വിജയന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, പ്ലാനിങ് ഓഫിസര്‍ കെ. ശ്രീലത, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ കെ. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി. രാമചന്ദ്രന്‍, സി. അബ്ദുല്‍ റഷീദ്, ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എന്‍. സന്തോഷ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി സലീം കരുവമ്പലം, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."