ക്ഷയരോഗ വിമുക്ത തൃശൂര്‍: ദൗത്യ സമിതി രൂപീകരിച്ചു
തൃശൂര്‍: കേരളത്തെ 2020 ഓടെ ക്ഷയരോഗ വിമുക്ത സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായി ക്ഷയരോഗനിര്‍മ്മാര്‍ജ്ഞത്തിന് തുടക്കം കുറിച്ചതായി ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗന്‍ അറിയിച്ചു.
തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തന ഊര്‍ജ്ജിതമാക്കുന്നതിന് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതില്‍ എം.പി മാര്‍, എം.എല്‍.എ മാര്‍, കോര്‍പ്പറേഷന്‍ മേയര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും ആരോഗ്യ വകുപ്പ്, ആയൂര്‍വേദം, ഹോമിയോ, മൃഗസംരക്ഷണ വകുപ്പ്, ലേബര്‍ വകുപ്പ് എന്നിവര്‍ അംഗങ്ങളുമാണ്. ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍മാരും ഐ.എം.എ.യും ചേര്‍ന്നാണ് ദൗത്യ സമിതിയ്ക്ക് രൂപം നല്‍കിയത്.
ജില്ലയില്‍ 2016 വര്‍ഷത്തില്‍ 2033 പുതിയ ക്ഷയരോഗികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 2017 ആഗസ്റ്റ് വരെ 983 പുതിയ ക്ഷയരോഗികള്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ 29 എം.എഡി.ആര്‍ ക്ഷയരോഗികളും ചികിത്സയിലുണ്ട്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം എന്നതുകൊണ്ട് 10 ലക്ഷം ജനസംഖ്യയില്‍ പ്രതിവര്‍ഷം ഒരു പുതിയ ക്ഷയരോഗി എന്ന നിലയിലേക്കായി ക്ഷയരോഗം കുറക്കുക എന്നതാണ് ലക്ഷ്യം.
ജനകീയ പങ്കാളിത്തോടുകൂടി കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുളളൂ.ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ ഒരു ജില്ലാ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന കര്‍മ്മസേന ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ടി.ബി സാധ്യതയുളള പ്രദേശങ്ങളെക്കുറിച്ച് സര്‍വെ നടത്തി കണ്ടെത്തുകയും രോഗത്തിന്റെ കണക്ക് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ ഉളളവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സജ്ജമാക്കിയിട്ടുളള കഫ പരിശോധന കേന്ദ്രത്തില്‍ കഫ പരിശോധന നടത്തി രോഗം കണ്ടെത്തും.
ആവശ്യമെങ്കില്‍ എക്‌സ്‌റേ, അതിനൂതന ജനിതക സാങ്കേതികവിദ്യയായ സി.ബി.എന്‍.എ.എ.ടി പരിശോധന എന്നിവയും നടത്തും. വാര്‍ഡ് തലത്തില്‍ രണ്ട് പേര്‍ അടങ്ങുന്ന പരിശീലനം സിദ്ധിച്ച സംഘങ്ങളാണ് വീട് സന്ദര്‍ശനം നടത്തുക. ഒക്‌ടോബര്‍ രണ്ടിന് തുടങ്ങി മാര്‍ച്ച് 24 ന് ലോക ക്ഷയരോഗദിനത്തില്‍ സര്‍വെ പൂര്‍ത്തിയാക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് പോഷകാഹാര കിറ്റും ചികിത്സാകാലയളവില്‍ പെന്‍ഷനും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."