തദ്ദേശസ്വയംഭരണ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണം: മന്ത്രി
തൃശൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ഒപ്പിട്ടപ്പോള്‍ പണിയെടുക്കുന്നവര്‍ക്കും ഉഴപ്പുന്നവര്‍ക്കും ഒരേ റാങ്ക് നല്‍കുന്ന പതിവ് തദ്ദേശഭരണസ്ഥാപന അധ്യക്ഷന്മാര്‍ അവസാനിപ്പിക്കണമെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. ഒരു ഗുണഭോക്താവ് ഒരു കാര്യത്തിനായി രണ്ടിലധികം തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കയറിയിറങ്ങാനുളള അവസരം ഉദ്യോഗസ്ഥര്‍ ഉണ്ടാക്കരുതെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുന്ദംകുളം നഗരസഭയുടെ നവീകരിച്ച രാജീവ് ഗാന്ധി സ്മാരക ടൗണ്‍ ഹാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞകാലങ്ങളില്‍ നിന്നും വിപരീതമായി മൂന്ന് മാസത്തിനുളളില്‍ പദ്ധതി ആസൂത്രണവും ഒന്‍പത് മാസത്തിനുളളില്‍ പദ്ധതി നിര്‍വ്വഹണവും എന്ന ആശയം നടപ്പിലായി ക്കഴിഞ്ഞു. അടുത്ത വര്‍ഷം മുതല്‍ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിനു മുന്‍പ് തന്നെ പദ്ധതി രൂപീകരണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നിര്‍വഹണത്തിനായി 12 മാസം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് ഉദ്യോഗസ്ഥരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. വ്യവാസായ മന്ത്രി എ.സി.മൊയ്തീന്‍ അധ്യക്ഷനായി. കുന്ദംകുളം നഗരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്നും നാലര കോടി രൂപ മാറ്റിവെക്കുമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി എ.സി.മൊയ്തീന്‍ അറിയിച്ചു. കലശമലയില്‍ ടൂറിസം വികസനത്തിനായി അഞ്ച് ഏക്കര്‍ ഉടന്‍ ഏറ്റെടുക്കും. വെട്ടിക്കടവ് പക്ഷി സങ്കേതത്തില്‍ രണ്ട് കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കുന്ദംകുളം താലൂക്ക് പ്രഖ്യാപനം ഡിസംബറില്‍ നടക്കുമെന്ന് മന്ത്രി അറിയിച്ചു.
പതിമൂന്ന് വര്‍ഷമായി അടഞ്ഞ് കിടന്നിരുന്ന ടൗണ്‍ ഹാള്‍ ഒരുകോടി ഇരുപത്തി ഒന്ന് ലക്ഷം രൂപ ചെലവിലാണ് നവീകരിച്ചത്. ലോക ബാങ്കിന്റെ ധനസഹായവും നഗരസഭയുടെ ടൗണ്‍ പ്ലാന്‍ ഫണ്ടും ഉപയോഗിച്ചായിരുന്നു നവീകരണം. ടൗണ്‍ ഹാളിന് മുന്നില്‍ നിര്‍മ്മിച്ച ഓപ്പണ്‍ സ്റ്റേജ് കലാമണ്ഡലം ഭരണസമിതി അംഗം ടി.കെ.വാസു ഉദ്ഘാടനം ചെയ്തു. ഡോ.പി.കെ.ബിജു എം.പി മുഖ്യാതിഥിയായി, വി.കെ.ശ്രീരാമന്‍, ടി.കെ.വാസു, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, പങ്കെടത്തു. സീത രവീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ഇന്‍-ചാര്‍ജ്ജ് ഇ.സി.ബിനയ് ബോസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."