അഷ്ടമിച്ചിറയില്‍ മോഷണം വര്‍ധിക്കുന്നു; ഹൈമാസ്റ്റ് ലൈറ്റ് അനിശ്ചിതത്വത്തില്‍
മാള: ഇരുട്ടിന്റെ മറവില്‍ വിഹരിക്കുന്ന കള്ളന്‍മാരുടെ ശല്യം കുറക്കാനും അഷ്ടമിച്ചിറ ജങ്ഷനിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനുമായി സ്ഥാപിക്കാനുദ്ധേശിച്ച ഹൈമാസ്റ്റ് ലൈറ്റ് നിര്‍മാണം അനിശ്ചിതത്വത്തില്‍. അതേസമയം കഴിഞ്ഞ ദിവസം അഷ്ടമിച്ചിറയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ രാത്രി മോഷണ ം നടന്നു. ഫാമിലി മെഡിക്കല്‍സ്,ക്ലാസ്‌മെറ്റ്‌സ് ബുക്ക്സ്റ്റാള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ടു. അഷ്ടമിച്ചിറയിലെ വ്യാപാരികളുടെ ഏറെകാലമായുള്ള ആവശ്യങ്ങളിലൊന്നായിരുന്നു അഷ്ടമിച്ചിറ ജങ്ഷനിലെ വെളിച്ചക്കുറവിന് പരിഹാരം കാണണമെന്നത്. ഏറെകാലത്തെ മുറവിളികള്‍ക്കൊടുവില്‍ മാള, കൊടകര,റോഡില്‍ നിന്ന് ചാലക്കുടിയിലേക്ക് തിരിയുന്ന മൂന്നുംകൂടിയ റോഡിന്റെ നടുവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി തറ നിര്‍മാണം നടത്തുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന ഉപയോഗിക്കാത്ത ട്രാഫിക് പോസ്റ്റ് പൊളിച്ച് നീക്കി തല്‍സ്ഥാനത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി തറ നിര്‍മിച്ചത്. അപ്പോള്‍ ഒരു വിഭാഗം തടസവാദവുമായി രംഗത്ത് വന്നതോടെയാണ് നിര്‍മാണം തടസപ്പെട്ടത്. മൂന്നും കൂടിയ റോഡിന്റെ നടുവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ ലൈറ്റില്‍ ഇടിച്ചാല്‍ വലിയ അപടത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തടസവാദമുയര്‍ന്നത്. അതോടെ ഹൈമാസ്റ്റ് ലൈറ്റ് നിര്‍മാണം അധികൃതര്‍ പാതിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി ലൈറ്റ് സ്ഥാപിക്കാന്‍ അധികൃതര്‍ ശ്രമിച്ചില്ലെന്ന വിമര്‍ശനം ഉയരുന്നുണ്ട് . അഷ്ടമിച്ചിറ ജങ്ഷനിലുളള ജ്വല്ലറിയും മറ്റ് കച്ചവട സ്ഥാപനങ്ങളും കുത്തിതുറന്ന രാത്രി പല തവണ മോഷണം നടന്നിരുന്നു . അഷ്ടമിച്ചിറ ശിവക്ഷേ ത്രം പരിസരം മുതല്‍ ഉരുണ്ടോളി വരെയും ചാലക്കുടി റോഡില്‍ ഗാന്ധി സ്മാരക ഹൈസ്‌കൂള്‍ പരിസരം വരെയുമായി നൂറിലേറെ് വ്യാപാര സ്ഥാപനങ്ങളാണുള്ളത്. നിലവിലുള്ള തെരുവ് വിളക്കുകളില്‍ നിന്ന് എല്ലാഭാഗത്തും ആവശ്യത്തിന് വെളിച്ചം ലഭിക്കാത്തതിനാലാണ് ജങ്ഷന്റെ പല ഭാഗങ്ങളും ഇരുട്ടിലാകാന്‍ കാരണം. ഈ സാഹചര്യത്തിലാണ് കള്ളന്‍മാരുടെ ശല്യം വര്‍ധിച്ചത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് തീരദേശ വികസന കോര്‍പറേഷനില്‍ നിന്ന് എംഎല്‍എ വിആര്‍ സുനില്‍കുമാറിന്റെ ശ്രമഫലമായി ഫണ്ട് അനുവദിക്കുന്നത്. എന്നാല്‍ അഷ്ടമിച്ചിറയില്‍ മോഷണം വര്‍ധിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥ കാരണം ഹൈമാസ്റ്റ് ലൈറ്റ് നിര്‍മാണം അനിശ്ചിതമായി നീളുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."