അര്‍ഹമായ നീതി ഉറപ്പാക്കേണ്ടത് രാഷ്ട്രത്തിന്റെ കടമ: ജസ്റ്റിസ് പി. ഉബൈദ്
തിരുവനന്തപുരം: ഓരോ വ്യക്തിക്കും അര്‍ഹമായ നീതി ഉറപ്പാക്കുകയെന്നത് രാഷ്ട്രത്തിന്റെ കടമയാണെന്ന് ഹൈക്കോടതി ജഡ്ജി പി. ഉബൈദ് പറഞ്ഞു. തിരുവനന്തപുരം നിയമസേവന അതോറിറ്റി, മാര്‍ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് എന്നിവര്‍ സഹൃദയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹകരണത്തോടെ വിളപ്പില്‍ എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച ലോക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്തിക്കനുസരിച്ചല്ല, നിയമത്തിനനുസൃതമായാണ് നീതി ലഭ്യമാക്കേണ്ടത്. എല്ലാ കാര്യങ്ങളും നിയമം കൊണ്ട് നിയന്ത്രിക്കേണ്ട അവസ്ഥയാണിന്ന്. ജനാധിപത്യ രാജ്യത്തെ രാഷ്ട്ര ധര്‍മ്മങ്ങളിലൊന്നാണ് ജനങ്ങള്‍ക്ക് നീതി ലഭിക്കുകയെന്നത്. കാലതാമസം കൊണ്ടും നീതിയെക്കുറിച്ച് അവബോധമില്ലാത്തതിനാലും സാമ്പത്തികമായി കഴിവില്ലാത്തതിനാലും നീതി നിഷേധം സംഭവിക്കാറുണ്ട്. നിയമ സേവന അതോറിറ്റിയുടെയും അദാലത്തുകളുടെയും ലക്ഷ്യം ഇതിന് പരിഹാരം കാണുകയെന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷനായി. തിരുവനന്തപുരം അതിരൂപത മെത്രാന്‍ ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ കെ. ഹരിപാല്‍, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ. എന്‍. പ്രഭാകരന്‍, മാര്‍ ഗ്രിഗോറിയോസ് കോളജ് ഓഫ് ലോ പ്രിന്‍സിപ്പല്‍ ഡോ. ഇ.ആര്‍ ജയറാം, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ്, സഹൃദയ ചാരിറ്റബിള്‍ സൊസൈറ്റി മാനേജിങ് ട്രസ്റ്റി അഖില്‍ എസ്.ജി., ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിജു ഷെയ്ക്ക് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."