മൈക്രോസോഫ്റ്റിനെ തിരുത്തിയ ഷൈലാജ് നാടിന് അഭിമാനം
ചവറ: ഓണ്‍ലൈന്‍ സേവനങ്ങളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയ ചവറ സ്വദേശിയായ യുവാവ് മലയാളികളുടെ അഭിമാനമാകുന്നു. മൈക്രോ സോഫ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങളിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് ലൈഷാജ് എന്ന ഇരുപത്തി എട്ടുകാരന്‍ കണ്ടെത്തിയത്. കരുനാഗപ്പള്ളി ആലുംകടവ് മുല്ലമംഗലത്ത് വീട്ടില്‍ പരേതനായ ബഷീര്‍ കുട്ടിയുടേയും ചവറ തേവലക്കര തുണ്ടില്‍ കിഴക്കതില്‍ സലീലയുടേയും മകന്‍ ലൈഷാജ് ബി.എം ആണ് മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റെസ്‌പോണ്‍സ് സെന്ററിന്റെ അനുമോദന പട്ടികയില്‍ ഇടം നേടിയത്. സുരക്ഷാ പ്രശ്‌നങ്ങളെ കണ്ടെത്തി അവ രഹസ്യമായി മൈക്രോസോഫ്റ്റിന്റെ സുരക്ഷാ വിഭാഗത്തെ അറിയിച്ച് സഹായിക്കുന്നവരെ അനുമോദിച്ചു കൊണ്ടുള്ള പട്ടികയിലാണ് ലൈഷാജിന്റെ പേരും ഇടം പിടിച്ചത്.
നേരത്തെ ഇന്റലിന്റെ (കിലേഹ) സുരക്ഷാ വീഴ്ച കണ്ടെത്തിയതിനുള്ള അനുമോദനവും ഷൈലാജിന് ലഭിച്ചിരുന്നു. ഒരു മാസം മുമ്പാണ് മൈക്രോസോഫ്റ്റിന്റെ സബ് ഡൊമൈനുകളില്‍ ഏറെ പ്രചാരമുള്ള ഒന്നിന്റെ സുരക്ഷാ വീഴ്ച ലൈഷാജ് കണ്ടെത്തിയത്. ഡൊമൈനില്‍ പുതിയതായി രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ പാസ്‌വേഡ് അല്‍പം സാങ്കേതിക പരിചയമുള്ളൊരാള്‍ക്ക് റീസെറ്റ് ചെയ്യാന്‍ സാധിക്കും. ഇതിന് ഓ.ടി.പിയുടെയോ ഇമെയില്‍ കണ്‍ഫര്‍മേഷന്റേയോ ആവശ്യമില്ല. ഇതുവഴി ഉപയോക്താവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് പൂര്‍ണ നിയന്ത്രണം മറ്റൊരാള്‍ക്ക് കൈയടക്കാനും സാധിക്കും. ഇക്കാര്യം ശ്രദ്ധയില്‍പെട്ടയുടനെ മൈക്രോസോഫ്റ്റ് അധികൃതരെ രഹസ്യമായി വിവരമറിയിക്കുകയായിരുന്നു.
മൈക്രോസോഫ്റ്റ് സെക്യൂരിറ്റി റെസ്‌പോണ്‍സ് സെന്ററിന്റെ അനുമോദന പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ മൈക്രോസോഫ്റ്റില്‍ നിന്നും നല്ലൊരു തുക പാരിതോഷികമായും ലൈഷാജിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എന്നാല്‍ ലൈഷാജ് ഐ.ടി പ്രൊഫഷണല്‍ അല്ല എന്നതാണ് ഏറെ കൗതുകം. മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായ ലൈഷാജ് കമ്പ്യൂട്ടര്‍, സാങ്കേതിക വിദ്യയോടുള്ള താല്‍പര്യം മൂലം അവ സ്വയം പഠിച്ചെടുക്കുകയായിരുന്നു. ഇപ്പോള്‍ ബഹ്‌റിനിലെ ഒരു കോര്‍പ്പറേറ്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തി വരികയാണ് ലൈഷാജ്. ഗൂഗിളിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്താനുള്ള പഠനങ്ങളിലാണ് ഈ യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."