ബൈക്ക് മോഷണസംഘത്തിലെ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍
കഠിനംകുളം: കഴക്കൂട്ടത്തും പരിസരത്തും കറങ്ങിനടന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്ന കുട്ടികള്ളന്‍മാര്‍ അടക്കമുള്ള സംഘം പിടിയില്‍. പുലര്‍ച്ചെ പൊലിസ് നടത്തിയ വാഹന പരിശോധനക്കിടയിലാണ് മോഷ്ടിച്ച ബൈക്കുമായി നാടുചുറ്റാനിറങ്ങിയ കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം തുമ്പ പൊലിസിന്റെ പിടിയിലായത്. തുടര്‍ന്ന് കഴക്കൂട്ടം സൈബര്‍ സിറ്റി അസ്സിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നടത്തിയ വ്യാപക പരിശോധനയിലാണ് കൂടുതല്‍ പ്രതികള്‍ പിടിയിലായത്.
പോത്തന്‍കോട് പേരൂര്‍തല, കാവുവിള, പൊയ്കവിള ഭാഗങ്ങളിലുള്ളവരാണ് പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍. കാട്ടായിക്കോണം മടവൂര്‍പാറ മേലെ കാവുവിള വീട്ടില്‍ വിനയന്‍ (21), പോത്തന്‍കോട് പേരൂര്‍ത്തല ലക്ഷം വീട് സുധീഷ് (21) എന്നിവരാണ് മറ്റു രണ്ടുപേര്‍. ടെക്‌നോപാര്‍ക്ക് കഴക്കൂട്ടം സി.ഐ എസ്. അജയ്കുമാര്‍, തുമ്പ പൊലിസ് സ്‌റ്റേഷന്‍ എസ്.ഐമാരായ അജിത് കുമാര്‍, ഷാജഹാന്‍, ഓമനക്കുട്ടന്‍, എ.എസ്.ഐ സെല്‍വകുമാര്‍, പൊലിസുകാരായ പ്രസാദ്, മനു, ശരത്, മുകേഷ് എന്നിവര്‍ ചേര്‍ന്നാണ് കള്ളന്‍മാരെ പിടികൂടിയത്.
ഇവര്‍ക്ക് നേരത്തെ വിവിധ സ്‌റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസുകളുള്ളതായും പൊലിസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."