ദോക് ലാ പോലുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ വര്‍ധിക്കാനിടയുണ്ടെന്ന് സൈനിക മേധാവി
പൂനെ: ദോക് ലാ പോലുള്ള പ്രശ്നങ്ങള്‍ ഭാവിയില്‍ വര്‍ധിച്ചേക്കാന്‍ ഇടയുണ്ടെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഇന്ത്യ-ചൈന സൈനികര്‍ സിക്കിം അതിര്‍ത്തിയില്‍ മുഖത്തോടുമുഖം നിലയുറപ്പിച്ചത് തുടരുന്ന സാഹചര്യത്തിലാണ് സൈനിക മേധാവി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തുടര്‍ന്നുപോന്ന സ്ഥിതിയില്‍ ചൈന മാറ്റം വരുത്തിയതാണ് ഇപ്പോഴത്തെ സംഘര്‍ഷ സാഹചര്യത്തിന് കാരണം.
പൂനെയില്‍ പ്രതിരോധ വകുപ്പിന്റെയും സാവിത്രിഭായ് ഫുലെ പൂനെ സര്‍വകലാശാലയുടെയും നേതൃത്വത്തില്‍ 'വര്‍ത്തമാനകാലത്തെ ഇന്ത്യയുടെ വെല്ലുവിളികള്‍' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് കരസേനാ മേധാവി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
തെറ്റായ രീതിയിലാണ് ചൈന അതിര്‍ത്തി നിര്‍ണയം നടത്തുന്നത്. ഇത് ഭാവിയില്‍ വലിയ പ്രതിസന്ധിക്കാണ് ഇടയാക്കുക. ചൈനയുമായുള്ള ഫ്ളാഗ് മീറ്റിങ്ങുകളിലെല്ലാം അതിര്‍ത്തിയിലെ സ്ഥിതി ജൂണ്‍ 16ന് മുന്‍പുള്ള സാഹചര്യത്തിലേക്ക് മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനത്തിലും എത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ നയതന്ത്രതലത്തിലും രാഷ്ട്രീയതലത്തിലുമാണ് വിഷയം പരിഗണിക്കുന്നത്. രാഷ്ട്രീയമായി മുന്‍കൈയ്യെടുത്ത് നയതന്ത്രതലത്തിലുള്ള പ്രശ്ന പരിഹാരത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും റാവത്ത് വ്യക്തമാക്കി.
ദോക് ലാമില്‍ ഉണ്ടായതുപോലുള്ള പ്രശ്നങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തിയിലെ ഏത് ഭാഗത്തും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രാജ്യം ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രശ്നങ്ങള്‍ കഴിയുന്നതും ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടതെന്നും കരസേനാ മേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."