സ്വകാര്യത മൗലികാവകാശം; നിലപാടില്‍ സര്‍ക്കാര്‍ വെള്ളം ചേര്‍ത്തുവെന്ന് മുകുള്‍ റോഹ്തഗി
ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന ഓഗസ്റ്റ് 24ലെ സുപ്രിംകോടതി വിധിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വെള്ളം ചേര്‍ത്തുവെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി. ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എടുത്ത നിലപാട് ആശ്ചര്യപ്പെടുത്തിയെന്നും ജൂണില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന നിയമ ഉദ്യോഗസ്ഥ പദവിയില്‍ നിന്ന് പടിയിറങ്ങിയ റോഹ്തഗി വ്യക്തമാക്കി.
സുപ്രിംകോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ വെള്ളം ചേര്‍ത്തത് ശ്രദ്ധിച്ചു, അതു ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും റോഹ്തഗി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മൗലികവകാശങ്ങള്‍ ഉള്‍പ്പെടുത്തുന്നതും ഒഴിവാക്കുന്നതും പാര്‍ലമെന്റിന്റെ മാത്രം അവകാശത്തില്‍ പെട്ടതാണ്. അതുകൊണ്ട് കോടതിയില്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തരുതായിരുന്നു. ഇവിടെ ജൂഡീഷ്യറി പാര്‍ലമെന്റിന്റെ അധികാരങ്ങള്‍ ഏറ്റെടുക്കുകയാണ് ചെയ്തത്. ഈ തര്‍ക്കത്തില്‍ ഇത് തൃപ്തികരമല്ലാത്ത പരിഹാരമാണ്.
താനായിരുന്നു അറ്റോര്‍ണി ജനറലെങ്കില്‍ ഈ കേസില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് താന്‍ സമ്മതിക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ ശില്‍പികള്‍ സ്വകാര്യത മൗലികവകാശമായി വിവക്ഷിച്ചിട്ടില്ലെന്നാണ് താന്‍ കോടതിയില്‍ വാദിച്ചിരുന്നത്. അഭിഭാഷകനെന്ന നിലയില്‍, ഒരു കേസ് ജയിക്കുന്നതും തോല്‍ക്കുന്നതും സാധാരണമാണ്. ആധാര്‍ കേസ് ഇപ്പോഴും പരിഹരിച്ചിട്ടില്ല. അതിനാല്‍ എവിടെയാണ് കേസ് വിജയിച്ചുവെന്ന ചോദ്യം ഉയരുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്വകാര്യത അവകാശമാണെന്ന പദവി ഭരണഘടന നല്‍കിയിട്ടില്ലെന്നായിരുന്നു കോടതിയില്‍ റോഹ്തഗി വാദിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ജൂലൈയില്‍ വിഷയം പരിശോധിക്കാനായി സുപ്രിം കോടതിയുടെ ഒന്‍പതംഗ ബെഞ്ചിന് വിട്ടത്. എന്നാല്‍ പുതിയ അറ്റോര്‍ണി ജനറലായ കെ.കെ വേണുഗോപാല്‍ സ്വകാര്യത പൂര്‍ണ യോഗ്യതയുള്ള മൗലികാവകാശമായേക്കാം എന്നായിരുന്നു കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
സ്വകാര്യതാ സംബന്ധിച്ച പുതിയ ഉത്തരവ് ഒരു 'നൂതനമായ' വിധിയാകും. പൗരന്മാരുടെ മറ്റ് അവകാശങ്ങളും മൗലികാവകാശങ്ങളാക്കണമെന്നുള്ള ആവശ്യമുയരുന്നതിനാല്‍ ഇതു സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുകുള്‍ റോഹ്തഗി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."