ദേര സച്ച അക്രമം; 552 പേര് അറസ്റ്റില്‍; 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി.ജി.പി
ചണ്ഡീഗഡ്: സ്ത്രീപീഡന കേസില്‍ ഗുര്‍മീത് റാം കുറ്റക്കാരനാണെന്ന കോടതി വിധിയെതുടര്‍ന്ന് ദേര സച്ച സൗദ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച റെയില്‍, റോഡ് ഗതാഗതം ഇന്നലെ സാധാരണ നിലയിലായിരുന്നെങ്കിലും ശിക്ഷ വിധിക്കുന്ന ഇന്ന് ഏത് രീതിയിലായിരിക്കും സര്‍വിസ് നടത്തുകയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
നിര്‍ത്തിവച്ച അംബാല വഴിയുള്ള ഡല്‍ഹി-ഖത്ര ട്രെയിന്‍ സര്‍വിസ് പുനരാരംഭിച്ചു. അക്രമം ഏറ്റവും കൂടുതലുണ്ടായ ഭാഗങ്ങളില്‍ നിര്‍ത്തിവച്ച ബസ് സര്‍വിസുകളും ഇന്നലെ പുനരാരംഭിച്ചതായി ഹരിയാന ഡി.ജി.പി ബി.എസ് സന്ധു അറിയിച്ചു.
ഗുര്‍മീതിനെതിരായ കോടതി നടപടിയെ തുടര്‍ന്ന് വ്യാപകമായി കലാപം ഉണ്ടായെങ്കിലും ഇന്നലെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു.
വിധി വരുന്ന പശ്ചാത്തലത്തില്‍ അക്രമം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും ഡി.ജി.പി അറിയിച്ചു.
ദേരാ നേതാവിനെതിരായ ശിക്ഷ വിധിക്കുന്ന റോഹ്ത്തക്കിലെ സുനാരിയ ജയിലിനടുത്തേക്ക് ആരേയും പ്രവേശിപ്പിക്കില്ല. അതേസമയം ഗുര്‍മിത് കുറ്റക്കാരനെന്ന് കണ്ടെത്തിയ അന്ന് ഉണ്ടായ അക്രമത്തില്‍ പഞ്ച്കുലയില്‍ ആറും സിര്‍സയില്‍ നാലും കെയ്ത്താലില് പതിമൂന്നും ഭിവാനിയില്‍ മൂന്നും കര്‍ണാലില്‍ നാലും അംബാലയില്‍ രണ്ടും പാനിപ്പത്ത്, ഫത്തേഹാബാദ് എന്നിവിടങ്ങളില്‍ ഓരോ കേസുകളുമടക്കം 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി.ജി.പി അറിയിച്ചു. കേസില്‍ 552 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. അക്രമത്തില്‍ 47 പൊലിസുകാര്‍ക്ക് പരുക്കേറ്റതായും ഡി.ജി.പി അറിയിച്ചു.
18 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അക്രമികള്‍ നാശനഷ്ടം വരുത്തിയിട്ടുണ്ട്. 37 വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. ഇതില്‍ അഞ്ചെണ്ണം സര്‍ക്കാര്‍ വാഹനങ്ങളാണ്. അക്രമികള്‍ അഴിഞ്ഞാടിയ പ്രദേശങ്ങളെല്ലാം വൃത്തിയാക്കികൊണ്ടിരിക്കുകയാണെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."