മത്സ്യത്തൊഴിലാളികളോട് ഇടതുപക്ഷത്തിന് നിഷേധാത്മക സമീപനം: ഉമ്മന്‍ ചാണ്ടി
കൊച്ചി: മത്സ്യത്തൊഴിലാളികളോട് ഇടതുപക്ഷത്തിനുള്ളത് നിഷേധാത്മക സമീപനമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് (ഐ) നേതൃത്വത്തില്‍ സംഘടിപ്പിച്ച മധ്യമേഖലാ പ്രതിഷേധ നേതൃ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിവന്നിരുന്ന പെന്‍ഷനുകള്‍പോലും വെട്ടിച്ചുരുക്കുന്ന നടപടിയാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതിയെത്തിയെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. ഇങ്ങനെയെങ്കില്‍ മണ്ണെണ്ണയുടെ ഉപയോഗത്തില്‍ കുറവുണ്ടാകും. ഇത്തരത്തില്‍ സംഭരിക്കുന്ന മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ എല്ലാവിധ ഇടപെടലും നടത്തിയത് യു.ഡി.എഫ് സര്‍ക്കാരാണ്. കേരളത്തിലെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തൃശൂരില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ച് പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
നിലവില്‍ സംസ്ഥാനത്തിന്റെ തീരമേഖല നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. മിക്കയിടത്തും തീരപ്രദേശങ്ങള്‍ കടലെടുത്തുപോവുകയാണ്. വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്യങ്ങളും പരിധിവിട്ടു. തീരങ്ങളുടെ സംരക്ഷണവും വന്യമൃഗങ്ങളില്‍നിന്നുള്ള സുരക്ഷയും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് സഹായം തേടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആര്‍. അഗസ്റ്റിന്‍ ഗോമസ് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷന്‍, ടോണി ചമ്മിണി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."