സര്‍ക്കാര്‍ ഭൂമി കൈയേറ്റം: താലൂക്ക് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്നു പരാതിക്കാരന്‍
ഇരിട്ടി: താലൂക്ക് ഓഫിസ് നിര്‍മിക്കുന്നതിനും മറ്റു പൊതുആവശ്യത്തിനും ദാനം നല്‍കിയ ഭൂമി സഭ കൈയേറിയെന്ന പരാതിയില്‍ 30 ദിവസത്തിനകം തീരുമാനമായില്ലെങ്കില്‍ ഇരിട്ടി താലൂക്ക് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്നു പരാതിക്കാരനായ പായം കോളിക്കടവ് സ്വദേശി കൊറുമ്പാലി നാണു.
ഇരിട്ടി താലൂക്ക് ഓഫിസില്‍ ഓഗസ്റ്റ് ഏഴിനു നല്‍കിയ പരാതിയിലാണു 30 ദിവസത്തിനകം സഭ കൈയേറിയ ഭൂമി അളന്നു തിരിച്ചില്ലെങ്കില്‍ കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതു പോലെ ഇരിട്ടി താലൂക്ക് ഓഫിസില്‍ തന്റെ ജീവിതം അവസാനിപ്പിക്കുമെന്നു നാണു പറയുന്നത്.
കോട്ടയം സ്വദേശിയായ എന്‍.എം മാത്യു, മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍ എന്ന സഭയ്ക്ക് 1987ല്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ 2672 നമ്പര്‍ ആധാര പ്രകാരം 3.12 ഏക്കര്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍ പ്രസ്തുത ദാനാധാരത്തില്‍ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലായി താലൂക്ക് ഓഫിസ് നിര്‍മിക്കുന്നതിനും മറ്റു പൊതു ആവശ്യങ്ങള്‍ക്കുമായി സ്ഥലം വിട്ടുനല്‍കിയതായും രേഖപ്പെടുത്തി. 50 സെന്റോളം വരുന്ന ഈ ഭൂമിയാണു സഭ കൈയേറിയെന്ന് നാണു പരാതിപ്പെട്ടത്. പരാതിയില്‍ കഴമ്പുണ്ടെന്നു സ്ഥലം പരിശോധിച്ച താലൂക്ക് ഹെഡ് സര്‍വേയര്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ഭൂമി ദാനം നല്‍കിയ കോട്ടയം സ്വദേശി എന്‍.എം മാത്യുവിനെ കഴിഞ്ഞ നവംബറില്‍ ഇരിട്ടി താലൂക്ക് ഓഫിസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. മൊഴിപ്രകാരം താലൂക്ക് ഓഫിസിനു ഭൂമി നല്‍കിയിരുന്നുവെങ്കിലും അത് അളന്നു തിരിച്ച് നല്‍കുകയോ താലൂക്ക് അധികൃതര്‍ അതു കൈവശപ്പെടുത്തുകയോ ചെയ്തില്ലെന്നു പറയുന്നു.
പായം വില്ലേജില്‍ പെരുമ്പറമ്പ് ദേശത്ത് 36 ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നുവെന്നും ഇതില്‍ നിന്നു മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് ക്രിസ്ത്യന്‍ എന്ന സഭയ്ക്കു മഠവും സ്‌കൂളും സ്ഥാപിക്കുന്നതിനു 3.62 ഏക്കര്‍ ഭൂമി നല്‍കിയതായും പറയുന്നു. എന്നാല്‍ 3.12 ഏക്കര്‍ മാത്രമാണു രജിസ്റ്റര്‍ ചെയ്തതെന്നും ബാക്കി 50 സെന്റ് സ്‌കൂള്‍ ആവശ്യത്തിനു വഴിയായി ഉപയോഗിക്കുന്ന ഭൂമിയാണെന്നും എന്‍.എം മാത്യു പറഞ്ഞിരുന്നു. എന്നാല്‍ ഈ ഭൂമിക്കു സര്‍ക്കാരിലേക്കു നികുതി അടയ്ക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.
ദാനാധാരത്തില്‍ പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലായി താലൂക്ക് ഓഫിസ് നിര്‍മിക്കുന്നതിനും മറ്റ് പൊതു ആവശ്യങ്ങള്‍ക്കുമായി സ്ഥലം വിട്ടുനല്‍കിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍.എം മാത്യു തഹസില്‍ദാര്‍ക്ക് എഴുതി നല്‍കിയ മൊഴിയിലുള്ള വൈരുധ്യത്തെ തുടര്‍ന്നു തീരുമാനമെടുക്കുന്നതിന് എന്‍.എം മാത്യു എഴുതി നല്‍കിയ മൊഴിയും മറ്റു രേഖകളും കലക്ടര്‍ക്ക് അയച്ചതായി താലൂക്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം സ്ഥലം അളന്ന് സഭ കൈയേറിയെന്ന ഭൂമി കണ്ടെത്തുന്നതിനു കലക്ടര്‍ വില്ലേജ് അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയതായും എന്നാല്‍ ഭൂമി അളക്കാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ലെന്നുമാണ് നാണു പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."